ദുബൈ: ചൊവ്വ ഗ്രഹത്തിലെ ആദ്യ നഗരം യു.എ.ഇ നിര്‍മിക്കും. ഇതിനായി നൂറ് വര്‍ഷം നീളുന്ന ദേശീയ പദ്ധതി രാജ്യം പ്രഖ്യാപിച്ചു. ‘മാര്‍സ് 2117’ എന്ന് പേരിട്ട പദ്ധതിയില്‍ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങളെയും പങ്കാളികളാക്കും. ദുബൈയില്‍ ഇന്ന് സമാപിച്ച അന്താരാഷ്ട്ര സര്‍ക്കാര്‍ ഉച്ചകോടിയിലാണ് യു.എ.ഇ അമ്പരപ്പിക്കുന്ന ഈ പ്രഖ്യാപനം നടത്തിയത്.

യു.എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ സര്‍വ സൈന്യാധിപനും അബൂദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരാണ് ചൊവ്വയിലെ ആദ്യ നഗരപദ്ധതി പ്രഖ്യാപിച്ചത്.

നഗരത്തിന്റെ വെര്‍ച്വല്‍ രൂപകല്പനയുടെ ദൃശ്യങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ചൊവ്വാ ഗ്രഹത്തിലെ ഗതാഗതം, ഊര്‍ജ പദ്ധതികള്‍, ഭക്ഷണം എന്നിവയെല്ലാം നൂറ് വര്‍ഷത്തെ പദ്ധതിയുടെ ഭാഗമാണ്.
ചൊവ്വയിലേക്ക് അതിവേഗം എത്തിച്ചേരാനുള്ള പദ്ധതിയും ഇതില്‍ ഉള്‍പ്പെടും. ദേശീയ പദ്ധതിയുടെ ഭാഗമായി ഈ രംഗത്ത് ഗവേഷണം നടത്തുന്ന യു.എ.ഇ സ്വദേശികളുടെ പുതുതലമുറയെ വളര്‍ത്തിയെടുക്കും.
യു.എ.ഇ സ്വദേശികളായ ശാസ്ത്രജ്ഞരാണ് പദ്ധതിക്ക് തുടക്കം കുറിക്കുക. പിന്നീട് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ഗവേഷകരുടെയും സഹായം തേടും. ശൂന്യാകാശ ഗവേഷണത്തിന് മുതല്‍ മുടക്കാന്‍ കെല്പുള്ള ഒമ്പത് രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. ഞങ്ങള്‍ വിത്തിടുകയാണ്, ഫലം കൊയ്യേണ്ടത് അടുത്ത തലമുറയാണെന്ന് പദ്ധതി പ്രഖ്യാപനം നടത്തിയ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ചൊവ്വാ പര്യവേഷണ പദ്ധതി പ്രഖ്യാപിച്ച യു.എ.ഇ 2021 ല്‍ ചൊവ്വയിലേക്ക് വാഹനം അയക്കാനുള്ള തയാറെടുപ്പിലാണ്.