യാത്രക്കാരെ വലച്ച് ക്രിസ്മസ് കാലത്തും ട്രെയിന്‍ ഗതാഗത നിയന്ത്രണം; കോട്ടയം വഴി ഇന്ന് ട്രെയിനോടില്ല

  • Post category:news
  • Reading time:1 min read
You are currently viewing യാത്രക്കാരെ വലച്ച് ക്രിസ്മസ് കാലത്തും ട്രെയിന്‍ ഗതാഗത നിയന്ത്രണം; കോട്ടയം വഴി ഇന്ന് ട്രെയിനോടില്ല

തിരുവനന്തപുരം: പാളം അറ്റകുറ്റപ്പണികളുടെ പേരില്‍ ക്രിസ്മസ് കാലത്ത് ട്രെയിന്‍ ഗതാഗതം നിയന്ത്രണം. ഇത് യാത്രാദുരിതം വര്‍ധിപ്പിക്കുന്നു. ഇടപ്പള്ളി, ചിങ്ങവനം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് പാളം മാറ്റുന്നത്. ഇതിന്റെ പേരില്‍ 23 വരെയാണ് ഇപ്പോള്‍ നിയന്ത്രണം. ഇത് നീളുമെന്നാണ് സൂചന. മിക്ക ട്രെയിനുകളും അരമണിക്കൂര്‍ മുതല്‍ രണ്ടരമണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. പാസഞ്ചറുകള്‍ റദ്ദ്‌ചെയ്യുന്നതും വ്യാപകമാണ്. ചിങ്ങവനത്തെ അറ്റകുറ്റപ്പണിയാണ് സര്‍വീസുകളെ ഏറെയും ബാധിച്ചത്. 11 പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിട്ടു. ഏഴു പാസഞ്ചറുകളും നാല് മെമു ട്രെയിനുകളും റദ്ദാക്കി. ഫലത്തില്‍ സംസ്ഥാനത്തെ മൊത്തം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. കൊല്ലം–കോട്ടയം, കോട്ടയം–കൊല്ലം, കോട്ടയം വഴിയുള്ള എറണാകുളം–കായംകുളം , കായംകുളം–എറണാകുളം, ആലപ്പുഴ വഴിയുള്ള എറണാകുളം–കായംകുളം, കായംകുളം–എറണാകുളം, എറണാകുളം–ആലപ്പുഴ പാസഞ്ചര്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. എറണാകുളത്തുനിന്ന് കോട്ടയംവഴി കൊല്ലത്തേക്കും തിരിച്ചുമുള്ള നാലു മെമു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കോട്ടയംവഴിയുള്ള ഗുരുവായൂര്‍–പുനലൂര്‍, പുനലൂര്‍–ഗുരുവായൂര്‍, ആലപ്പുഴവഴിയുള്ള കായംകുളം–എറണാകുളം എന്നീ പാസഞ്ചറുകള്‍ ഭാഗികമായി റദ്ദാക്കി. സ്‌പെഷ്യല്‍ ട്രെയിനുകളെയും അറ്റകുറ്റപ്പണി ബാധിച്ചു. കൊല്ലം–മച്ചിലിപ്പട്ടണം, കൊല്ലം–കാക്കിനഡ, കൊല്ലം–വിജയവാഡ, കൊല്ലം–വിശാഖപട്ടണം എന്നീ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ശരാശരി രണ്ടു മണിക്കൂറാണ് വൈകുന്നത്. ജയന്തി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ് ട്രെയിനുകള്‍ 45 മിനിറ്റ്മുതല്‍ രണ്ടുമണിക്കൂര്‍വരെ വൈകുന്നു. ചെന്നൈ സെന്‍ട്രല്‍ –കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ 22ന് അഞ്ചു മണിക്കൂറാണ് വൈകുന്നത്.ഇടപ്പള്ളി സ്‌റ്റേഷനിലെ അറ്റകുറ്റപ്പണിയുടെ പേരില്‍ വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്ന നാല് പാസഞ്ചറുകള്‍ റദ്ദാക്കി. മറ്റു ട്രെയിനുകളില്‍ പലതിനും അരമണിക്കൂറോളം നിയന്ത്രണമുണ്ട്. കൂടാതെ ഫരീദാബാദിലെ അറ്റകുറ്റപ്പണിയുടെ പേരിലും സംസ്ഥാനത്ത് ട്രെയിന്‍ നിയന്ത്രണമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ക്കാണ് നിയന്ത്രണം ദുരിതമാകുന്നത്. അവധിക്കാലംതന്നെ അറ്റകുറ്റപ്പണിക്കായി തെരഞ്ഞെടുത്തത് യാത്രാക്ലേശം വര്‍ധിപ്പിച്ചെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

0Shares