മൂന്ന് വര്‍ഷങ്ങൾക്ക് ശേഷം വി.എസ് അച്യുതാനന്ദൻ സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തുമ്പോൾ

  • Post category:news
  • Reading time:2 mins read
You are currently viewing മൂന്ന് വര്‍ഷങ്ങൾക്ക് ശേഷം വി.എസ് അച്യുതാനന്ദൻ സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തുമ്പോൾ

തിരുവനന്തപുരം: രാജ്യം അതിൻ്റെ ചരിത്രത്തിലെ നിർണ്ണായകമായ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഫേസ്ബുക്കിലൂടെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് സി.പി.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. ദീർഘ കാലമായി സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന വി.എസ് അതിലേക്ക് മടങ്ങിയെത്തുമ്പോൾ കാലഘട്ടത്തിൻ്റെ സഹചാരി എന്ന വാക്കിന് കൂടിയാണ് അർത്ഥമുണ്ടാകുന്നത്.

നമ്മുടെ രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിനും തകര്‍ക്കപ്പെടുന്നതിനും മുന്‍പ് മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കാണണമെന്ന് വി.എസ് തൻ്റെ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ കേരളാ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിര്‍ജീവമായിരുന്ന ഫേസ്ബുക്ക് പേജാണ് വി.എസ് ഇപ്പോൾ സജീവമാക്കിയത്.

എല്‍.ഡി.എഫ് കേരളത്തിൽ വന്‍ വിജയം നേടിയ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ കാലത്ത് വിഎസിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നറിയുമ്പോൾ ആണ് ഇപ്പോഴത്തെ ഈ തിരിച്ചുവരവിന് പ്രാധാന്യം ഏറുന്നത്. അവസാനമായി 2016 ജൂണ്‍ ഒന്നിനാണ് വി.എസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്. ഇപ്പോൾ അതിന് ശേഷം മൂന്ന് വര്‍ഷമടുക്കുമ്പോഴാണ് വി.എസ് ഫേസ്ബുക്കില്‍ വീണ്ടും സജീവമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണെന്ന് വി.എസ് ആരോപിച്ചു.

ബ്രിട്ടീഷ് ഭരണത്തിൽ നൂറ്റാണ്ടുകള്‍ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നെന്നും മത ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്ന് തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളതെന്നും വി.എസ് പോസ്റ്റില്‍ പറഞ്ഞു

വി.എസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാന്‍സ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകള്‍ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു.

മത ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകര്‍ക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.

https://www.facebook.com/OfficialVSpage/posts/2137748036536024?__xts__[0]=68.ARDf6elJQVekYkxylrBHKlQsHqRjOQYiVRTbR6JMV-p6mKZE5GwxV1tmbeBZLjnRlkFj6_mxlcY8vzf65x8C2npSFmO8MDH0VPR1APyVXNXqdzjOSVpBJQzglB87tTTAHbf8KYqjk_GUA3acKQyrDTKY8KKFTbs3ZMcO1OaQii7LfXGeBcqHA8DDDmo1T5qSQn0UCCXTel4RV7J_cA_mhTv6qItYgQ4cz0WbM_QGu_r7sWnpgQd4F69-47xqrMAyHEskXJbnOSyelI3ohvi9-fJV6h5twxujp7TBXc10Xuc4usZ-zmGuZwYY-QzT9fnwYzo&__tn__=-R

0Shares