‘മുസ്ലിങ്ങൾ മാത്രമല്ല; മറ്റ് മതങ്ങളിലും ഭാര്യമാരെ ഉപേക്ഷിക്കാറുണ്ട്’: മുത്വലാഖ് ബില്ലിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം

  • Post category:news
  • Reading time:1 min read
You are currently viewing ‘മുസ്ലിങ്ങൾ മാത്രമല്ല; മറ്റ് മതങ്ങളിലും ഭാര്യമാരെ ഉപേക്ഷിക്കാറുണ്ട്’: മുത്വലാഖ് ബില്ലിനെതിരെ ലോക്സഭയില്‍  പ്രതിപക്ഷം

ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ മുത്വലാഖ് ബില്‍ അവതരിപ്പിക്കാന്‍ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് പ്രതിപക്ഷം. രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള ബില്ലാണിത്. സ്ത്രീകളുടെ അവകാശം എന്നു പറഞ്ഞു കൊണ്ട് വരുന്ന ബില്ലിനു പിന്നില്‍ വിഭാഗീയതയാണ് എന്നത് വ്യക്തമാണ്. തുടക്കത്തില്‍ തന്നെ ഇത്തരം അജണ്ടകളുമായി വരുന്നതാണ് കാണുന്നതെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കമുള്ളവ പ്രത്യക്ഷത്തില്‍ നല്ലതാണെന്ന് തോന്നിപ്പിച്ച്, നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിങ്ങള്‍ മാത്രമല്ല മറ്റു മതക്കാരും ഭാര്യമാരെ ഉപേക്ഷിക്കാറുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ ഒരു രക്ഷാവ്യവസ്ഥയും ബില്ലില്‍ ഇല്ല. അത് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണം. മുസ് ലിം സ്ത്രീകളുടെ അവസ്ഥയില്‍ ബില്ല് ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്നു വര്‍ഷം തടവു ശിക്ഷ നല്‍കുന്നതിനെ അസദുദ്ദീന്‍ ഉവൈസി രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകള്‍ക്ക് ബില്‍ എങ്ങിനെയാണ് സുരക്ഷ നല്‍കുകയെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭയില്‍ ഹാജരായിരുന്ന 187 അംഗങ്ങളില്‍ 74 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും ജഗ് മോഹന്‍ റെഢിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

ബില്ലിനെതിരെ പ്രതിപക്ഷത്തെ എല്ലാവരും ഒന്നിച്ചു നിന്നുവെന്ന് മുസ്‌ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഭയില്‍ പ്രതിപക്ഷ ഐക്യം പ്രകടമായി എന്നും അത് രാജ്യത്തിന്‍റെ ഭാവിയില്‍ വളരെ ശുഭോതര്‍ക്കമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

0Shares