മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. സ്‌ട്രോക്കിനെ തുടര്‍ന്ന് 2008 മുതല്‍ കോമയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തിന്റെ ഒരുഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ട്രക്കിയോസ്റ്റോമി ട്യൂബിലൂടെയായിരുന്നു ശ്വസിച്ചിരുന്നത്. കുഴലിലൂടെയായിരുന്നു അദ്ദേഹത്തിന് ഭക്ഷണം നല്‍കിയിരുന്നത്. പരിസരത്തെ കുറിച്ച് യാതൊരു ബോധവും അദ്ദേഹത്തിനില്ലായിരുന്നു. ചികിത്സയ്ക്കായി കുടുംബം അദ്ദേഹത്തെ ജര്‍മ്മനിയില്‍ കൊണ്ടുപോയിരുന്നു. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയായിരിക്കവേയാണ് മുന്‍ഷി രോഗബാധിതനാകുന്നത്. ദീപ ദാസ്മുന്‍ഷിയാണ് ഭാര്യ. മകന്‍ പ്രിയദീപ് ദാസ്മുന്‍ഷി. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവായിരുന്ന അദ്ദേഹം. മുന്‍ഷി രോഗകിടക്കയില്‍ ആയതിനുശേഷം ഭാര്യ ദീപ ദാസ്മുന്‍ഷി രാഷ്ട്രീയത്തില്‍ സജീവമാകുകയും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിക്കുകയും യു.പി.എ സര്‍ക്കാരില്‍ മന്ത്രിയാകുകയും ചെയ്തിരുന്നു. 1945 നവംബര്‍ 13 നായിരുന്നു ജനനം. യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ ലോകത്ത് രംഗപ്രവേശനം ചെയ്തത്. ഒരുവര്‍ഷം പശ്ചിമബംഗാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന അദ്ദേഹം 1971 ല്‍ പാര്‍ലിമെന്റ് അംഗമായി. തുടര്‍ന്ന് 1985 ല്‍ കേന്ദ്രമന്ത്രിയായി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാര്‍ത്താവിനിമയ കാര്യമന്ത്രിയായിരുന്നു. ഏഴുതവണ ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായി ദീര്‍ഘകാലം ചുമതലയേറ്റിരുന്നു. നല്ലൊരു ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായിരുന്നു.

0Shares