കൊല്ലം: കൊല്ലം ജില്ലയിലെ മാലൂര്‍ ഗവണ്മെന്റ് യു പി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ ഹെഡ്മാസ്റ്റര്‍ക്ക് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കയ്യേറ്റശ്രമം. സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് ഹെഡ്മാസ്റ്ററും എം.എല്‍.എയും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ഇതേ തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്നവര്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനിടെ ഹെഡ്മാസ്റ്റര് സി വിജയകുമാറിനെതിരെ എം.എല്‍.എ ആരോപണം ഉന്നയിച്ചിരുന്നു. എം.എല്‍.എയുടെ പ്രസംഗ ശേഷം സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട നിവേദനം നല്കാന് ഹെഡ്മാസ്റ്ററേയും പി.ടി.എ പ്രസിഡന്റിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും ക്ഷണിച്ചതോടെ എം.എല്‍.എ പ്രകോപിതനായി.
ഹെഡ്മാസ്റ്റര് തനിക്ക് നിവേദനം തരേണ്ടതില്ലെന്ന് എം.എല്‍.എ നിലപാട് എടുത്തു. ഇതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിയെന്നാണ് റിപ്പോര്‍ട്ട്. തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന ഹെഡ്മാസ്റ്ററുടെ ആവശ്യം കേള്‍ക്കാള്‍ പോലും കൂട്ടാക്കാതെയാണ് എം.എല്‍.എ വേദി വിട്ടത്. ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി മന്ത്രി കെ രാജുവിനെ ക്ഷണിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചതെന്നാണ് ഹെഡ്മാസ്റ്റര് പറയുന്നത്. ഉദ്ഘാടകനാക്കാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നുവെന്ന് ഹെഡ്മാസ്റ്റര് പിന്നീട് പ്രതികരിച്ചു.
മുഖ്യാതിഥിയാക്കിയില്ല; സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് നേരെ ഗണേഷ് കുമാര്‍ എം.എല്‍.എയുടെ കയ്യേറ്റശ്രമം