
നെടുങ്കണ്ടം കസ്റ്റഡിക്കൊലയുടെ പേരിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ പരസ്യവിമർശനം ഉയർത്തിയ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ സംസ്ഥാന നിർവാഹക സമിതി യോഗം തിരുത്തി. ശിവരാമന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ അതിരു കവിഞ്ഞെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാന കൗൺസിൽ അംഗമായ ശിവരാമനെയും ഇടുക്കി ജില്ലാ കൗൺസിലിനെയും സംസ്ഥാന നേതൃത്വം എത്തിച്ചേർന്ന ഈ നിഗമനം അറിയിക്കും.

അച്ചടക്ക നടപടിക്കു തീരുമാനമില്ല. കസ്റ്റഡിക്കൊലയെത്തുടർന്നു ജുഡീഷ്യൽ അന്വേഷണമടക്കം സർക്കാർ പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരായ വിമർശനങ്ങൾ അനാവശ്യവും അനവസരത്തിലുമായെന്ന അഭിപ്രായമാണു യോഗത്തിലുണ്ടായത്. സി.പി.ഐ ബോധപൂർവം മുന്നണി മര്യാദ ലംഘിച്ചുവെന്ന പ്രതീതി ഇതുണ്ടാക്കി. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നു ശിവരാമനോടു നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയം നെടുങ്കണ്ടം സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനെ നേതൃത്വം തള്ളിപ്പറഞ്ഞില്ല. പാർട്ടിയെ അറിയിക്കാതെ സഹകരണ സംഘം രൂപീകരിച്ചു കൊല്ലത്തു സ്വകാര്യ ആശുപത്രി വാങ്ങിയ സംസ്ഥാന കൗൺസിൽ അംഗം സി.എസ്.ജയലാലിന്റെ നടപടിയിന്മേലുള്ള തീരുമാനം 22 ന് അടുത്ത നിർവാഹകസമിതി യോഗം കൈക്കൊള്ളും. വീഴ്ച സമ്മതിച്ചു ജയലാൽ നേതൃത്വത്തിനു കത്തു നൽകിയിട്ടുണ്ട്.
