മീന്‍ വില്‍ക്കാനിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച ആദ്യ വ്യക്തിക്ക് കിട്ടി എട്ടിൻ്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing മീന്‍ വില്‍ക്കാനിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച ആദ്യ വ്യക്തിക്ക് കിട്ടി എട്ടിൻ്റെ പണി

കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് അറസ്റ്റുചെയ്തു. ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹനാന് പിന്തുണ അറിയിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി. വെള്ളിയാഴ്ച വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മല്‍സ്യവില്‍പന അടക്കമുള്ള ചെറിയ ജോലികള്‍ ചെയ്താണു ഹനാന്‍ പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിച്ചിരുന്നത്. കൊച്ചിയില്‍ തമ്മനത്ത് ഹനാന്‍ മീന്‍ വില്‍ക്കുന്ന സ്ഥലത്തെത്തി നൂറുദ്ദീന്‍ ഷെയ്ക്ക് വിവരങ്ങള്‍ മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് ഹനാനെ അപമാനിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ ഇയാള്‍ ലൈവ് വീഡിയോ നല്‍കിയത്. എല്ലാം പരിശോധിച്ചെന്നും ഒരു സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഹനാന്‍ മീന്‍ വിറ്റതെന്നും, മാധ്യമങ്ങളും അതില്‍ പങ്കാളികളാകുകയായിരുന്നുവെന്നുമാണ് ഇയാള്‍ ആരോപിച്ചത്. ഈ വീഡിയോ പുറത്തു വന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞത്. അതുവരെ ഹനാനെ പിന്തുണച്ച് പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. അത്തരമൊരു പോസ്റ്റിടാന്‍ നൂറുദ്ദീന്‍ ഷെയ്ക്കിനുണ്ടായ പ്രേരണയെന്താണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സമാനമായി പോസ്റ്റിട്ടവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങള്‍ ശേകരിച്ചവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

0Shares