മിഷേല്‍ ഷാജി മരണം; മരണത്തിനു തൊട്ടുമുമ്പ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടക്കുന്ന ദൃശ്യം പുറത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing മിഷേല്‍ ഷാജി മരണം; മരണത്തിനു തൊട്ടുമുമ്പ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടക്കുന്ന  ദൃശ്യം പുറത്ത്.


കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരണത്തിന് തൊട്ടുമുമ്പ് ഗോശ്രീപാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും നടക്കുന്ന രീതിയും വെച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പൊലീസ് ഉറപ്പിച്ചത്. മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങളില്‍ മിഷേല്‍ ഒറ്റക്കാണ് നടന്നുപോകുന്നത്. മരണം ആത്മഹത്യ തന്നെയാണെന്ന പൊലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യം. കൊച്ചി പാലാരിവട്ടത്ത് സി.എ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജി, രണ്ടാം ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അടുപ്പമുണ്ടായിരുന്ന ക്രോണിന്‍ അലക്സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടര്‍ന്നാണിതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മിഷേല്‍ രാത്രിയോടെ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തത്. സി.സി.ടി.വിയില്‍ ഏഴു മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാര്‍ഥസമയം 7.20 നോട് അടുപ്പിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു. നേരത്തെ, മിഷേലിനെ പോലെ തോന്നിക്കുന്ന പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ വെച്ച് കണ്ടെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു.

 

കലൂര്‍ പള്ളിയില്‍ നിന്ന് ആറുമണിക്ക് ശേഷം പുറത്തിറങ്ങിയ മിഷേല്‍ നടന്നുപോകുന്നതിന്റെ ചലനങ്ങളും പുതിയ ദൃശ്യങ്ങളിലെ ചലനങ്ങളും നിരീക്ഷിച്ചാണ് നടക്കുന്നത് മിഷേല്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. കലൂര്‍ പള്ളിയല്‍നിന്ന് മിഷേല്‍ എങ്ങനെ ഗോശ്രീ പാലത്തിലേക്കെത്തി എന്നത് വിശദീകരിക്കാന്‍ പൊലീസിന് സാധിക്കാത്തത് വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മിഷേല്‍ കലൂരില്‍ നിന്ന് ഗോശ്രീയിലേക്കു നടന്നു പോകുകയായിരുന്നോ എന്നു പരിശോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പ് ക്രോണിന്‍ അലക്സാണ്ടറുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫോണിലെ മായിച്ചു കളഞ്ഞ സന്ദേശങ്ങള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം. അതേസമയം, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

 

0Shares