
മഹാരാഷ്ട്രയിൽ അധാർമിക മാർഗത്തിലൂടെയാണ് ബി.ജെ.പി സർക്കാരുണ്ടാക്കിയതെന്നാരോപിച്ച് പാർലമെന്റിൽ ഇന്നു കോൺഗ്രസ് പ്രതിഷേധിക്കും. എൻ.സി.പി, ശിവസേന എന്നിവയ്ക്കൊപ്പം ഇരുസഭകളിലും പ്രതിഷേധം സംഘടിപ്പിക്കും. യു.പി.എക്കു പുറത്തുള്ള മറ്റു കക്ഷികളുടെ പിന്തുണയും തേടും.
മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വിശ്വാസവോട്ടെടുപ്പിൽ മറുപടി നൽകാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് സജീവമാണ് . വിശ്വാസവോട്ടിനു മുൻപ് സ്വന്തം എം.എൽ.എമാർ ചാടിപ്പോകാതെ നോക്കണമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കൾക്ക് കർശന നിർദേശം നൽകി.

വിശ്വാസവോട്ട് 30 വരെ നീണ്ടുപോയേക്കാമെന്ന നിഗമനത്തിൽ, അതുവരെ എം.എൽ.എമാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് സ്വീകരിക്കും. ആഡംബര ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്ന എം.എൽ.എമാർ പുറംലോകവുമായി ബന്ധപ്പെടുന്നതിന് നിയന്ത്രണമേർപ്പെടുത്തും.
ശിവസേന, എൻ.സി.പി എം.എൽ.എമാരും ഉറച്ചുനിന്നാൽ, വിശ്വാസവോട്ടിനുള്ള അംഗബലം നേടാൻ ബി.ജെ.പിക്ക് സാധിക്കില്ലെന്നാണു കണക്കുകൂട്ടൽ. അഭിമാനപ്രശ്നമായ മഹാരാഷ്ട്രയിൽ അധികാരമുറപ്പിക്കാൻ മോദിയും അമിത് ഷായും നേരിട്ടിടപെടുമെന്നു കരുതുന്ന കോൺഗ്രസ് അതു നേരിടാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ഇന്നലെ ചർച്ച നടത്തിയ സോണിയ സംസ്ഥാനത്തെ സ്ഥിതിഗതികൾ പരിശോധിച്ചു.
