മലയാളി നഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing മലയാളി നഴ്‌സിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബുറൈദ: സൗദി അല്‍ഖസീലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സിനെ ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ബുറൈദയില്‍ നിന്ന് 150 കി.മീ. അകലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന യുവതി പിന്നീട് കുളിമിറിയില്‍ കയറിയിരുന്നു. ഏറെ വൈകിയിട്ടും പുറത്തുവരാത്തതിനാല്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ച് പൊലീസിന്റെ സഹായത്തോടെ വാതില്‍ വെട്ടിപൊളിച്ച് നോക്കിയപ്പോള്‍ മുഖത്തിന് പരുക്കേറ്റ് മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.രാസപരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച ശേഷം മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണുമരിച്ചതാകാമെന്നും വീഴ്ചയിലുണ്ടായ പരുക്കായിരിക്കാം മുഖത്തെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒന്നര വര്‍ഷം മുമ്പാണ് ജോലിക്കായി ഗള്‍ഫിലെത്തിയത്. ആദ്യ അവധി കഴിഞ്ഞ് ഈ മാസം രണ്ടിനാണ് തിരിച്ചെത്തിയത്. അവിവാഹിതയാണ്. അമ്മ ജോളി മാത്യു. സഹോദരി ബിന്‍സി ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ നഴ്‌സാണ്. സഹോദരന്‍ ബാസില്‍.

0Shares