
മലയാള സിനിമ രംഗത്തുള്ള യുവതാരങ്ങള്‍ ലഹരി ഉപയോഗിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും അതിന് തെളിവുകള്‍ ഇല്ലെന്നും ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. ‘പ്രചരിപ്പിക്കപ്പെടുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല.

ഊഹാപോഹങ്ങള്‍ വച്ച് എന്താണ് ചെയ്യാന്‍ സാധിക്കുക. താന്‍ എക്സൈസ് കമ്മീഷണറായിരുന്നപ്പോള്‍ ഇതുസംബന്ധിച്ച പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടി. സിനിമാ സംബന്ധമായി ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍മാതാക്കളുടെ സംഘടന മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നുള്ള ആരോപണവുമായി രംഗത്തെത്തുന്നത്.
നിര്‍മാതാക്കള്‍ യുവതാരങ്ങളെ കുറിച്ച് നടത്തിയ ആരോപണങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമാക്കാര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്ന വാദം ഊഹാപോഹം മാത്രമെന്നാണ് ഋഷിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.
