മരട് ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കും; താത്പര്യ പത്രം ക്ഷണിച്ചു; നഗരസഭാ യോ​ഗത്തിൽ വാക്കേറ്റം

  • Post category:news
  • Reading time:2 mins read
You are currently viewing മരട് ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കും; താത്പര്യ പത്രം ക്ഷണിച്ചു; നഗരസഭാ യോ​ഗത്തിൽ വാക്കേറ്റം

സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ആവശ്യപ്പെട്ട മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ താത്പര്യ പത്രം ക്ഷണിച്ചു.16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണം. 15 നിലക്ക് മുകളിലുള്ള നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യം ക്ഷണിച്ച് കൊണ്ട് മരട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്കാണ് മുന്‍ഗണന.

അതേസമയം പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ ഉടമകളെ അനുകൂലിച്ച് മരട് നഗരസഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നു. ഫ്‌ളാറ്റിലെ താമസക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ കോടതി വിധി അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം പറയുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മരട് നഗരസഭാ വിളിച്ച് ചേർത്ത യോ​ഗത്തിൽ ബഹളം നടന്നു.

സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് ന​ഗരസഭ സെക്രട്ടറി മുന്നോട്ട് വന്നപ്പോൾ പ്രതിപക്ഷ നേതാവ് കെ. ദേവസ്യ എതിർപ്പ് പ്രകടിപ്പിച്ചു.തുടർന്ന് പ്രമേയം അവതരിപ്പിക്കാന്‍ ദേവസ്യ അറിയിച്ചിരുന്നെങ്കിലും അതിനുള്ള അജണ്ട ഇല്ലെന്ന് ന​ഗരസഭ സെക്രട്ടറി അറിയിച്ചു. ഇന്നത്തെ യോ​ഗത്തിൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നതെന്നും സെക്രട്ടറി വ്യക്തമാക്കി.

പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടാവുകയും തുടർന്ന് ​യോ​ഗം ബഹളത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇന്നലെ ചേർന്ന സ്റ്റാൻഡിം​ഗ് കമ്മിറ്റിയുടെ അടിയന്തര യോ​ഗത്തിലാണ് ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകാൻ ഉടമകൾ നോട്ടീസ് നൽകണമെന്ന തീരുമാനം ആദ്യം എടുത്തത്. എന്നാൽ, ഇതിന് കൗൺസിലിന്‍റെ അം​ഗീകാരം ആവശ്യമുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കൗൺസിൽ യോ​ഗം വിളിച്ച് ചേർത്തത്.

ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഫ്‌ളാറ്റ് ഉടമകളോട് അനുഭാവം പുലര്‍ത്തുന്നതിനാല്‍ പ്രമേയം പാസാകാനാണ് എല്ലാ സാധ്യതയും. സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം മറികടക്കാന്‍ സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. താമസക്കാരെ തെരുവിലിറക്കാതെ ഏത് വിധേനയെങ്കിലും പ്രവൃത്തിക്കണമെന്നാണ് പൊതുവില്‍ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായം. ഏത് രീതിക്ക് ഇതിനെ നേരിടാം എന്ന് പരിശോധിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഇറക്കിവിടേണ്ടി വന്നാല്‍ പുനരധിവസിപ്പിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ സഹായത്തോടെ ചെയ്യുക. അപ്പോഴും വിധിയെ എങ്ങനെ മറികടക്കാം എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. 350 ഓളം കുടുംബങ്ങളാണ് ഫ്‌ളാറ്റ് പൊളിച്ചുനീക്കേണ്ടി വന്നാല്‍ വഴിയാധാരമാകുക. കൗണ്‍സില്‍ യോഗം നടക്കുന്ന ഹാളില്‍ പ്രവേശിക്കാന്‍ ഫ്‌ളാറ്റ് ഉടമകളും എത്തിയിരുന്നു. ഇവര്‍ തങ്ങളെ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ടതോടെ രാവിലെ യോഗം തുടങ്ങിയപ്പോള്‍ തന്നെ ബഹളമുണ്ടായി.

നിയമത്തില്‍ ഇളവ് വേണം എന്നാണ് ഫ്‌ളാറ്റ് ഉടമകളില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്. യോ​ഗത്തിന് ശേഷം ഫ്ലാറ്റ് ഉടമകൾക്ക് ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് വിതരണം ചെയ്യും. നോട്ടീസുകൾ വാങ്ങാത്തവരുടെ ഫ്ലാറ്റിന് മുന്നിലായി നോട്ടീസ് പതിപ്പിക്കും. ഇന്ന് തന്നെ മുഴുവൻ ഉടമകൾക്കും നോട്ടീസ് നൽകുമെന്നും ന​ഗരസഭ വ്യക്തമാക്കി.തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം.

0Shares