കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിക്കെതിരെ വധഭീഷണിയുമായി ബംഗാള്‍ യുവമോര്‍ച്ച നേതാവ്. മമതയുടെ തലകൊയ്യുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് ഭാരതീയ ജനത യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷ്ണെയുടെ വാഗ്ദാനം. ഹനുമാന് ജയന്തിയോട് അനുബന്ധിച്ച് ബിര്‍ഭും ജില്ലയില്‍ ‘ജയ് ശ്രീറാം’ വിളികളുമായി എത്തിയ ഘോഷയാത്രയെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി ചിതറിയോടിച്ച സംഭവമാണ് ബി.ജെ.പി യുവജന സംഘടനാ നേതാവിനെ പ്രകോപിപ്പിച്ചത്.

മമതാബാനര്‍ജി രാമനവമിക്ക് സരസ്വതി പൂജ നടത്താന്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല ഹനുമാന് നവമിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് ഇടയില്‍ ആളുകളെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഇതാണ് യോഗേഷിനെ കുപിതനാക്കിയത്. ഹനുമാന് ജയന്തിക്കെതിരെ പോലീസ് നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ തനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമാണ്; ആരെങ്കിലും മമതാബാനര്‍ജിയുടെ തല കൊയ്തെടുത്ത് കൊണ്ടുവന്നു തരികയാണെങ്കില്‍ അവര്‍ക്ക് താന്‍ 11 ലക്ഷം രൂപ ഇനാം നല്‍കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഈയിടെ മധ്യപ്രദേശിലെ മുന്‍ ആര്.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ചുവടു പിടിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ മറ്റൊരു ബി.ജെ.പി നേതാവ് യോഗേഷ് വര്‍ഷ്ണെയുടെ കൊലവിളി.