തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്കരനെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദളിത് യുവതിയെ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായ ഭാസ്കരന് മര്‍ദിച്ചിട്ടില്ല. പരാതി പച്ചകള്ളമാണ്. പോലീസിനും സി.പി.ഐ.എമ്മിനും ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ല. എല്‍.ഡി.എഫ് വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുണ്ടായ വാര്‍ത്തയാണത്.
മട്ടന്നൂരില്‍ എല്‍.ഡി.എഫ് നേടിയ വിജയം മറച്ചുപിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശമെന്നായിരുന്നു ഇന്നുവന്ന വാര്‍ത്ത. പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദിച്ചെന്ന പേരിലാണ് കെ.ഭാസ്കരനെതിരെ നടപടി എടുക്കാന്‍ സി.പി.എം സംസ്ഥാന ഘടകത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശമെത്തിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മട്ടന്നൂര്‍ മുന്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായിരുന്ന ഷീലാ രാജനാണ് പരാതിക്കാരി.
സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതി നല്‍കിയെന്നും എന്നാല്‍ ഇരു നേതൃത്വവും പരാതി പരിഗണിക്കാതെ വന്നതോടെ ഷീല ദേശീയ നേതൃത്വത്തെ സമീപിക്കുകയായിരുന്നുവെന്നും പറയുന്നു. മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ എട്ടിന് വൈകുന്നേരം പെരിഞ്ചേരി ബൂത്തിലാണ് സംഭവം. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ. ഭാസ്കരനോട് പോളിംഗ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോഴാണ് ഭാസ്കരന് ചീത്തവിളിക്കുകയും തല്ലുകയും ചെയ്തത്. ഷീലയുടെ ഭര്‍ത്താവും ഇടതുസംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് നേതാവുമായ കെ.പി. രാജനും ഭാസ്കരനും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം മന്ത്രി കെ.കെ.ഷൈലജയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ തനിക്ക് പരാതി കിട്ടിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ മന്ത്രിയുടെ ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും തെറ്റായ വാര്‍ത്ത നല്കിയ മാധ്യമങ്ങള്ക്കെതിരേ നടപടിയെടുക്കുമെന്നും പരാതിക്കാരി ഷീലാ രാജന് വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. പാര്‍ടിയുടെ തിളക്കം കുറക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിത പ്രചാരണമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു.
