മന്ത്രി ജി.സുധാകരനെതിരായ വ്യക്തിഹത്യാപരാതി; തെളിവ് ഹാജരാക്കാൻ ഷാനിമോൾക്ക് കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

  • Post category:news
  • Reading time:1 min read
You are currently viewing മന്ത്രി ജി.സുധാകരനെതിരായ വ്യക്തിഹത്യാപരാതി; തെളിവ് ഹാജരാക്കാൻ ഷാനിമോൾക്ക് കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ഷാനിമോൾ ഉസ്മാനെ വ്യക്തിഹത്യ നടത്തിയെന്ന മന്ത്രി ജി. സുധാകരനെതിരായ പരാതിയിൽ ആലപ്പുഴ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. വ്യക്തിഹത്യാ ആരോപണത്തിൽ പരാതിക്കാരി ഷാനിമോൾ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പോലീസ് ആണെന്നും കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് പരിശോധിച്ച് മുഖ്യ തെഞ്ഞെടുപ്പ് ഓഫീസർ അടുത്ത ദിവസം തുടർനടപടി തീരുമാനിക്കും. അതിനിടെ പൂതന പരാമർശത്തിൽ തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് മുഖപത്രത്തിനെതിരെ മന്ത്രി ജി. സുധാകരൻ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.

പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ച് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ‍ ടിക്കാറാം മീണ വിഷയത്തിൽ റിപ്പോർട്ട് തേടുകയായിരുന്നു. ഡി. ജി. പിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ആവശ്യം.

എന്നാൽ പിന്നീട് യു.ഡി.എഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച് മന്ത്രി ജി. സുധാകരനും ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഈ സാഹചര്യത്തിൽ ഇരുവരുടെയും പരാതികൾ വിശദമായി പരിഗണിച്ചാണ് ജില്ലാ കള്കടർ ഡോ.അദീല അബ്ദുള്ള ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

0Shares