മനോജ് കാന സംവിധാനം ചെയ്ത ‘കെഞ്ചിര’ ഇന്ത്യന്‍ പനോരമയില്‍; ഈ സിനിമ മുഖ്യധാരയോടുള്ള ആദിവാസിയുടെ ‘ഡയലോഗാണ് ‘

  • Post category:news
  • Reading time:1 min read
You are currently viewing മനോജ് കാന സംവിധാനം ചെയ്ത ‘കെഞ്ചിര’ ഇന്ത്യന്‍ പനോരമയില്‍; ഈ സിനിമ മുഖ്യധാരയോടുള്ള ആദിവാസിയുടെ ‘ഡയലോഗാണ് ‘

മനോജ് കാന സംവിധാനം ചെയ്ത ‘കെഞ്ചിര’ ഉൾപ്പെടെ 2019 രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയില്‍ നാല് മലയാള സിനിമകള്‍ ഇടം നേടി. കെഞ്ചിരയ്ക്ക് പുറമെ, ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി, മനു അശോകന്‍റെ ഉയരെ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ചത്.

നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച കെഞ്ചിരയില്‍ പ്രതാപ് നായർ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. മനോജ് കണ്ണോത്താണ് എഡിറ്റിംഗ്.കലാസംവിധായകൻ രാജേഷ് കൽപ്പത്തൂരിനൊപ്പം ആദിവാസി കലാകാരൻ ചന്ദ്രനും മുഖ്യ സഹായിയായി. പ്രമുഖ നടൻ ജോയ് മാത്യു സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കുന്നു.

ആദിവാസി ജീവിതത്തിന്‍റെ അതിജീവന യാഥാർത്ഥ്യങ്ങളിലേക്ക്പൊതു സമൂഹത്തിന്‍റെ അവഗണനയും വ്യവസ്ഥയുടെ ക്രൂരതയും ഏറ്റുവാങ്ങി സ്വന്തം മണ്ണിൽ നിന്നും, സംസ്കാരത്തിൽ നിന്നും പറിച്ചെറിയപ്പെട്ട് ത്രിശങ്കുവിലകപ്പെട്ട ആദിവാസി ജനതയുടെ വിഹ്വലതകളിലേക്ക് .. സമ്പന്നമായ സംസ്കാരത്തിൽ നിന്ന് നരകീയ ജീവിതത്തിന്റെ മരുപ്പറമ്പിലേക്ക് ആദിവാസിയെ ആട്ടിയോടിച്ച ആർത്തിയുടെ സംസ്കാരത്തിന്‍റെ വേരുകളിലേക്ക് ഒത്തുതീർപ്പില്ലാത്ത ക്യാമറക്കണ്ണുമായി ‘ കെഞ്ചിര’ കടന്നു ചെല്ലുന്നു.

മുഖ്യമായും പണിയഭാഷയിൽ സാക്ഷാത്കരിച്ച കെഞ്ചിരയിൽ വേഷമിട്ടവർ ഒട്ടു മുക്കാലും ആദിവാസികൾ തന്നെ. അഭിനയിക്കുകയായിരുന്നില്ല അവർ തങ്ങളുടെ ശരീരവും ആത്മാവും കൊണ്ട് പൊതുസമൂഹത്തോട് ഉറക്കെ സംസാരിക്കുകയായിരുന്നു. കോടാനുകോടികൾ ചെലവഴിച്ച് ഉദ്ധരിച്ചവർക്കും, രക്ഷകവേഷം കെട്ടിയവർക്കും ഇതുവരെയും മനസ്സിലാകാത്ത ആദിവാസി ജീവിതം ഉച്ചത്തിൽ വിളിച്ചു പറയുകയാണ്. ഈ സിനിമ മുഖ്യധാരയോടുള്ള ആദിവാസിയുടെ ‘ഡയലോഗാണ് ‘ .

0Shares