തിക്കംഗര്‍: മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകരെ പാടെ അപമാനിച്ച് പൊലീസ്. തിക്കംഗറിലെ ബുന്ദല്ക്കണ്ട് കലക്ടറേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ച കര്‍ഷകരെയാണ് നഗ്നരാക്കിയത്. അറസ്റ്റ് ചെയ്ത കര്‍ഷകരെ സ്റ്റേഷനിലെത്തിക്കുകയും പിന്നീട് വസ്ത്രമൂരിവെപ്പിച്ച് നഗ്നരാക്കി മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. പ്രതിഷേധം കനത്തപ്പോള്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചിരുന്നു. കര്‍ഷകര്‍ പിരിഞ്ഞുപോകില്ലെന്ന് കണ്ടതോടെ ഇവര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജും നടത്തി. വായ്പ എഴുത്തിത്തള്ളമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂണ്മാസത്തില് വലിയ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകരായിരുന്നു അന്നു മരണപ്പെട്ടത്. കലക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍ഷകര്‍ കലക്ടറേറ്റിന് മുന്നില്‍ എത്തിയത്. എന്നാല്‍ അതിന് അദ്ദേഹം തയ്യാറില്ലെന്ന് സ്ഥലത്തെ കോണ്‍ഗ്രസ് നേതാവ് യാദവേന്ദ്ര സിങ് കര്‍ഷകരെ അറിയിച്ചു. തുടര്‍ന്ന് പിരിഞ്ഞുപോകാതെ കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ പൊലീസ് ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയായിരുന്നു.
പൊലീസ് നടപടിയില്‍ 30 ഓളം കര്‍ഷകര്‍ക്ക് പരിക്കേറ്റു. 40 ഓളം കര്‍ഷകരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പൊലീസ് തല്ലിച്ചതക്കുന്നതുമാണ് കാണാനായതെന്ന് യാദവേന്ദ്ര സിങ് പറഞ്ഞു. അടിവസ്ത്രം മാത്രം നല്കി അവരെ തറയില്‍ ഇരുത്തിയിരിക്കുകയായിരുന്നു- സിങ് പറഞ്ഞു. അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടുത്തി എന്‍.എച്ച്.ആര്.സിക്കും സ്ംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.