മണ്‍വിള തീപിടിത്തം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം

  • Post category:news
  • Reading time:2 mins read
You are currently viewing മണ്‍വിള തീപിടിത്തം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ ശാലയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. തീ നിയന്ത്രണവിധേയമായെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാക്കുമെന്നും വ്യവസായമന്ത്രി ഇ.പി ജയരാജനും പ്രതികരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്ന് സംശയിക്കുന്നതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസും അഗ്നിശമന സേനയും സംയുക്തമായാണ് അന്വേഷണം നടത്തുക. അതേസമയം, ഫാമിലി പ്ലാസ്റ്റിക്സ് അഗ്‌നിശമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. അഗ്‌നിശമന സേനയുടെ എന്‍ഒസി നേടിയിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ പ്രദീപ് പറഞ്ഞു. ആവശ്യമായ ക്രമീകരണങ്ങള്‍ ഒന്നും കമ്പനിയിലുണ്ടായിരുന്നില്ല. ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തി. അഗ്‌നിബാധയുണ്ടായാല്‍ ഉപയോഗിക്കാനായി അഗ്‌നിശമന ഇപകരണങ്ങള്‍ മാത്രമാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. ഇവയില്‍ മിക്കവയും അടുത്തിടെ നടന്ന അഗ്‌നിബാധ ചെറുക്കാനായി ഉപയോഗിച്ചവയും ആയിരുന്നെന്നാണ് കണ്ടെത്തല്‍. ഫാക്ടറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചതും അഗ്‌നിബാധ തടുക്കുന്നതില്‍ കടുത്ത വെല്ലുവിളി സൃഷ്ടിച്ചു. ഫാക്ടറിക്കുള്ളില്‍ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കരുതെന്ന നിര്‍ദ്ദേശം ഫാക്ടറി അധികൃതര്‍ അവഗണിച്ചതായാണ് വ്യക്തമാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് സൂചനകള്‍. അതേസമയം, സമീപ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തീപിടുത്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും എത്തിച്ചിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഗോഡൗണിന് അടുത്തുള്ള ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും തീ പിടിച്ചിട്ടുണ്ട്. സമീപവാസികളെ തീപിടുത്തം ഉണ്ടായതിന് പിന്നാലെ തന്നെ ഒഴിപ്പിച്ചിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് വിഷപുക വരാന്‍ തുടങ്ങിയത് രക്ഷാപ്രവര്‍ത്തകരേയും പ്രതികൂലമായി ബാധിച്ചു. വിഷപുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയിലാണ്. അതേസമയം, ഫാക്ടറി കത്തിയതില്‍ ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക് കത്തിയതില്‍നിന്ന് ഉയരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവു കുറയ്ക്കും കൊച്ചുകുട്ടികള്‍, അലര്‍ജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കണം. ഇവര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും മാറിനില്‍ക്കുന്നതാണ് നല്ലത്. വളരെ ഉയര്‍ന്ന അളവിലുള്ള വിഷപ്പുകയാണ് അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നത്. ഇതു ശ്വസിച്ചാല്‍ സാരമായ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് കുമാര്‍ പറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares