മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും ഭൂരിപക്ഷം തെളിയിക്കാനും കോണ്‍ഗ്രസ്സിന് ക്ഷണം.

  • Post category:news
  • Reading time:1 min read
You are currently viewing മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും ഭൂരിപക്ഷം തെളിയിക്കാനും കോണ്‍ഗ്രസ്സിന് ക്ഷണം.

ന്യൂഡല്‍ഹി: തൂക്കുമന്ത്രിസഭ വന്നതോടെ മണിപ്പൂരിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. എന്നിരുന്നാലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനും ശനിയാഴ്ച്ചയ്ക്ക് മുമ്പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ബി.ജെ.പിയും കോണ്‍ഗ്രസ്സും നേരത്തെ ഗവര്‍ണറെ കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് കോണ്‍ഗ്രസ്സിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നിര്‍ണായക പങ്കു വഹിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഇരു പാര്‍ട്ടികളും ഒരു പോലെ അവകാശപ്പെടുന്നതിനാല്‍ മണിപ്പൂര്‍ ആര്‍ക്കെന്നത് സങ്കീര്‍ണമാവുകയാണ്.

അത് കൊണ്ട് തന്നെ ഒരു വിശ്വാസ വോട്ടെടുപ്പിന് ശേഷംമാത്രമേ പുതിയ സര്‍ക്കാരിന്റെ കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ. എന്നാല്‍ മണിപ്പൂരിലും ഗോവയിലും ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതെന്ന് വിലയിരുത്തുന്നു. 31 സീറ്റ് കേവല ഭൂരിപക്ഷം ആവശ്യമുള്ള 60 അംഗസഭയില്‍ 28 സീറ്റാണ് കോണ്‍ഗ്രസ് കരസ്ഥമാക്കിയത്. എങ്കിലും ചെറുപാര്‍ട്ടിക്കാരുടെ പിന്തുണ കൂടി വരുന്നതോടെ ബി.ജെ.പിക്കാണ് മുന്‍തൂക്കം ലഭിക്കുന്നത്. 15 വര്‍ഷത്തോളമായി മണിപ്പൂരില്‍ ഭരണം പിടിച്ച കോണ്‍ഗ്രസ്സും ചരിത്രത്തിലാദ്യമായി 21 സീറ്റ് നേടിയ ബി.ജെ.പിയും സംസ്ഥാനത്ത് ഭരണം കൈപ്പിടിയിലാക്കാനുള്ള തത്രപ്പാടിലാണ്.

0Shares