
കസാന്‍: അഞ്ചുവട്ടം ലോകകപ്പ് ഉയര്‍ത്തിയ ചരിത്രമുള്ള ബ്രസീലിനെ വീഴ്ത്തി ബെല്‍ജിയം ലോകകപ്പ് സെമിഫൈനലില്‍. അര്‍ജന്റീനയ്ക്കും ജര്‍മനിക്കും സ്‌പെയിനിനും പോര്‍ച്ചുഗലിനും പിറകെ ബ്രസീലും കണ്ണീരോടെ കളംവിട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാര്‍ മഞ്ഞപ്പടയെ വീഴ്ത്തിയത്.രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് ബ്രസീലിന്റെ വിധി നിര്‍ണയിച്ചത്. പതിമൂന്നാം മിനിറ്റില്‍ ഫെര്‍ണാന്‍ഡിന്യോയുട സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം ലീഡ് നേടിയത്. 31ാം മിനിറ്റില്‍ ലുക്കാകുവിന്റെ പാസില്‍നിന്ന് കെവിന്‍ ഡി ബ്രുയ്‌നെയുടെ പവര്‍ ഗോള്‍. എഴുപത്തിയാറാം മിനിറ്റില്‍ റെനാറ്റോ അഗസ്റ്റോ ഒരു ഗോള്‍ മടക്കിയെങ്കിലും മഞ്ഞ പടയ്ക്കു ജീവന്‍ നിലനിര്‍ത്താനായില്ല.

തുടര്‍ച്ചയായ നാലാം തവണയാണ് യൂറോപ്യന്‍ രാജ്യത്തോട് തോറ്റ് ബ്രസീല്‍ ലോകകപ്പില്‍ പുറത്താകുന്നത്. യുറുഗ്വായ്ക്കു പിന്നാലെ ബ്രസീലും പുറത്തായതോടെ ഇനി റഷ്യന്‍ മണ്ണില്‍ അവശേഷിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ്. ബെല്‍ജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986 ലാണ് അവര്‍ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് ഈ തിരിച്ചുവരവ്. മുന്നേറ്റ നിരയ്ക്കൊപ്പം ഗോള്‍ വല കാത്ത തിബൂട്ട് കുര്‍ട്ടോയ്സിന്റെ മികച്ച പ്രകടനമാണ് ബെല്‍ജിയത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്.ചൊവ്വാഴ്ച നടക്കുന്ന സെമിയില്‍ മുന്‍ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ് ബെല്‍ജിയത്തിന്റെ എതിരാളി.
