
തിരുവനന്തപുരം: ബംഗ്‌ളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅ്ദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും കേരളത്തിൽ സുരക്ഷാ ഒരുക്കാൻ തയ്യാറാണെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷിക പരിഗണനയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ നിഷ്ഫലമാക്കുന്ന നിബന്ധനയാണ് കര്‍ണാടക പൊലീസ് മുംബോട്ടു വച്ചത്. മഅ്ദനിയുടെ യാത്രയ്ക്ക് സുരക്ഷാചെലവായി കര്‍ണാടക പൊലീസിന് 14.29 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യം. കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട തുക താങ്ങാനാവാത്തതാണെന്നും തുക കുറച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് മുഖ്യമന്ത്രി കത്തയച്ചു.

കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന് അധികം ചെലവു വരില്ല. അതിനാല്‍ ബംഗ്‌ളൂരു പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ട തുക കുറച്ചു നല്‍കണമെന്നും സുപ്രീം കോടതി വിധിയുടെ അന്തഃസത്തയെ മാനിച്ച് മഅ്ദനിക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
