
കഴിഞ്ഞ ആഴ്ചയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷമേ അക്കാര്യത്തില്‍ തീരുമാനമുള്ളൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട ജലീലും നൗഷീനും.

ഇരുവരുടെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് യെദ്യൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവര്‍ പ്രതികളാണെന്നും നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ബി.ജെ.പി എം.എല്‍.എ ബസവനഗൗഡ പറഞ്ഞിരുന്നു. അതേസമയം മംഗളൂരു മുന്‍ മേയര്‍ കെ. അഷ്റഫിന് തലയ്ക്ക് വെടിയേറ്റിരുന്നു. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
എത്ര പേര്‍ക്ക് വെടിയേറ്റെന്നും എത്ര റൗണ്ട് വെടിവെച്ചെന്നും വ്യക്തമാക്കാന്‍ കര്‍ണാടക പോലീസ് ഇതുവരേയും തയ്യാറായിരുന്നില്ല, ഇതിനിടയിലാണ് വെടിയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇതോടെ പോലീസിന്റെ വാദം പൊളിയുന്ന സാഹചര്യമാണുള്ളത്.
