തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് എതിരെ ലൈംഗിക ആരോപണവുമായി സംപ്രേഷണം തുടങ്ങിയതായിരുന്നു ഇന്ന് രാവിലെ മംഗളം വാര്‍ത്താ ചാനല്‍. എന്നാല്‍ ആദ്യം പൊട്ടിച്ച വെടി പിണാറായി മന്ത്രി സഭയിലെ കരുത്തനായ ഒരു മന്ത്രിയുടെ രാജിയില്‍ എത്തിച്ചു. ലൈംഗിക ആരോപണം സത്യമോ അല്ലയോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെ രാജി വെപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ആരോപണ വിധേയനായ മന്ത്രിയെ രാജി വെപ്പിച്ച് മന്ത്രി സഭയുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പിണറായി മന്ത്രി സഭ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ രണ്ട് മന്ത്രിമാര്‍ക്കാണ് രാജി വയ്‌ക്കേണ്ടി വന്നത്. മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ ബന്ധു നിയമനവുമായാണ് രാജി വച്ചതെങ്കില്‍ മന്ത്രി എ.കെ ശശീന്ദ്രന് ലൈംഗികാരോപണത്തിന്റെ പേരിലാണ് രാജി വയ്‌ക്കേണ്ടി വന്നത്. അഭയം തേടി പരാതിയുമായി വന്ന യുവതിയോട് ഒരുമന്ത്രി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നായിരുന്നു മംഗളം ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ ആദ്യം പറഞ്ഞതെങ്കിലും മന്ത്രി യുവതിയോട് സംസാരിക്കുന്നതിന്റെ ഓഡിയോയും ചാനല്‍ പിന്നീട് പുറത്തു വിട്ടു. തുടര്‍ന്ന് വാര്‍ത്തയുടെ ചുവട് പിടിച്ച് ചര്‍ച്ചകള്‍ സജീവമായതോടെ മന്ത്രി ശശീന്ദ്രന്റെ പേരും മംഗളം പുറത്തു വിടുകയാണുണ്ടായത്. ചാനലില്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തു വന്നു.

ആരോപണം ഗൗരവമുള്ള വിഷയമാണ് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ആരോപണ വിധേയനായ ആളോട് സംസാരിക്കേണ്ടതുണ്ടെന്നും പുതിയതായി തുടങ്ങിയ ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ ആവേശമാകാം ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ആദ്യം പറഞ്ഞു. എന്നാല്‍ അണിയറയില്‍ വിഷയം ഗൗരവപൂര്‍വം കൈകാര്യം ചെയ്യുകയും ആരോപണ വിധേയനായ മന്ത്രിയെ രാജി വെപ്പിക്കുകയുമായിരുന്നു. ധാര്‍മികതയുടെ പേരില്‍ രാജി വെക്കുന്നു എന്നായിരുന്നു എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് എ.കെ ശശീന്ദ്രന്‍ നല്‍കിയ മറുപടി. ചാനല്‍ പുറത്ത് വിട്ട ശബ്ദരേഖയെ തള്ളിപ്പറയാന്‍ എ.കെ ശശീന്ദ്രന്‍ തയ്യാറായില്ല എന്നതും വിഷയത്തിന്റെ ഗൗരവസ്ഥിതി ചൂണ്ടിക്കാട്ടുന്നു. മന്ത്രി സഭയില്‍ നിന്ന് കൊണ്ട് തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല, അതുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് എല്‍.ഡി.എഫ് മുന്‍കരുതലെടുത്തു എന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. ലൈംഗിക ആരോപണ വാര്‍ത്ത ആദ്യം മറ്റു ചാനലുകള്‍ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതികരണം മറ്റു ചാനലുകളും ഗൗരവപൂര്‍വം ഏറ്റെടുത്തതോടെ മന്ത്രിയുടെ രാജിക്ക് സമ്മര്‍ദ്ദം ഏറി. എല്‍.ഡി.എഫിന്റെ ഘടകകക്ഷിയായ എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവ് കൂടിയാണ് എ.കെ ശശീന്ദ്രന്‍.

മന്ത്രി അപമര്യാദയായി പെരുമാറിയതയോ ലൈംഗികപരമായി സംസാരിച്ചതായോ യുവതി പരാതിപ്പെട്ടാല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ശരിയായ അന്വേഷണത്തിലൂടെ മാത്രമേ ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തു വരികയുള്ളൂ. എ.കെ ശശീന്ദ്രന്റെ രാജിയിലൂടെ എല്‍.ഡി.എഫ് മന്ത്രിസഭയ്ക്ക് കോട്ടം തട്ടാതിരിക്കാനാണ് പിണാറായി ശ്രമിച്ചത്. ആരോപണം നേരിട്ട ഉടനെ രാജിവെപ്പിച്ചത് മൂലം പിന്നീടുള്ള പരാതികള്‍ക്ക് പരിഹാരം കാണാനാവും. എന്നാല്‍ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അടുത്ത ഘട്ടമായി അത്തരത്തില്‍ അന്വേഷണ നടപടികള്‍ നടക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു. ആരോപണം നേരിട്ടാല്‍ ആദ്യം രാജി വെയ്ക്കലാണ് നല്ലത്, പിന്നീടാണ് ഇത് ശരിയാണോ തെറ്റാണോ എന്ന അന്വേഷണം നടത്തേണ്ടത്. അതാണ് ധാര്‍മികത. അല്ലാതെ യു.ഡി.എഫ് സര്‍ക്കാരിനെ പോലെ ആരോപണം നേരിട്ടാല്‍ തൂങ്ങിപ്പിടിച്ച് നില്‍ക്കലല്ല എല്‍.ഡി.എഫിന്റെ രീതി എന്നുമാണ് മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനടക്കം എല്‍.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്.