ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം തിരിച്ചറിയാന്‍ ബ്രാ; മലബാര്‍ കാന്‍സര്‍ സെന്ററിലെ ഗവേഷണം വിജയം

  • Post category:news
  • Reading time:1 min read
You are currently viewing ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം തിരിച്ചറിയാന്‍ ബ്രാ; മലബാര്‍ കാന്‍സര്‍ സെന്ററിലെ ഗവേഷണം വിജയം

കേരളത്തില്‍ സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തിലെ തന്നെ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്. പലപ്പോഴും ഈ രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിനായി രൂപകല്പന ചെയ്ത വെയറബിള്‍ സ്‌ക്രീനിങ് ഉപകരണം (ബ്രാ) ഉടന്‍ വിപണിയിലെത്തും. കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിന് രോഗികളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണം വിജയകരമായാതോടെയാണ് ഇത് സാധിക്കുന്നത്.

സെന്ററിലെ 117 രോഗികളുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. പൊതുമേഖലാ സ്ഥാപനമായ മൊറോട്ട ബിസിനസ് എന്‍ജിനീയറിങ് ഇന്ത്യ ലിമിറ്റഡ് ഇവ വിപണിയിലെത്തിക്കാന്‍ നടപടി തുടങ്ങി. സിമേറ്റിലുള്ള ശാസ്ത്രജ്ഞയായ ഡോ. എ.സീമയാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. രോഗമുള്ള ആളുകള്‍ ബ്രാ ധരിച്ചാല്‍ സ്തനത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ തിരിച്ചറിയാന്‍ കഴിയും.

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളായ സിമേറ്റ്, സിഡാക്ക്, കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. ഈ വസ്ത്രം ഉപയോഗിച്ചാല്‍ വേദനയോ ബുദ്ധിമുട്ടോ ഇല്ലെന്ന് ധരിച്ചവര്‍ പറഞ്ഞു. സാധാരണയായി സ്തനാര്‍ബുദരോഗനിര്‍ണയത്തിന് മാമോഗ്രാഫി പരിശോധനയാണ് നടത്തുന്നത്. ഇപ്പോള്‍ പുതിയ ബ്രാ വരുന്നതോടെ ഇതുപയോഗിച്ച് സംശയമുള്ളവര്‍ രോഗസ്ഥിരീകരണത്തിന് മാമോഗ്രാഫി പരിശോധന നടത്തിയാല്‍ മതി. ഗവേഷണത്തില്‍ രോഗികളോടൊപ്പം 200 വൊളന്റിയര്‍മാരും സഹായികളായി.

വെറും അരമണിക്കൂര്‍ ബ്രാ ഉപയോഗിച്ചാല്‍ രോഗസാധ്യത തിരിച്ചറിയാം. ബ്രാ വിപണിയിലേക്ക് എത്തിയാല്‍ ഒരാള്‍ക്ക് പരിശോധന നടത്താന്‍ 50 രൂപയില്‍ താഴെയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. സീമ പറഞ്ഞു. വസ്ത്രം കഴുകിയ ശേഷം വീണ്ടും ഉപയോഗിക്കാം. 2014ല്‍ ആരംഭിച്ച ഗവേഷണം 2018 വരെ എടുത്തു. നാല് വര്‍ഷമായിരുന്നു ഗവേഷണകാലാവധി. ഇതിനായി മൂന്നരക്കോടി രൂപയാണ് ചെലവായത്. രോഗ ലക്ഷണം പ്രാരംഭദശയില്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

0Shares