ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെക്കാനോ മാപ്പ് പറയാനോ തയ്യാര്‍; ബിനീഷിനെയും അനിലിനെയും അറിയില്ലെന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

  • Post category:news
  • Reading time:1 min read
You are currently viewing ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെക്കാനോ മാപ്പ് പറയാനോ തയ്യാര്‍; ബിനീഷിനെയും അനിലിനെയും അറിയില്ലെന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ താന്‍ രാജിവെയ്ക്കാനോ മാപ്പുപറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടി.ബി കുലാസ്. തിരുവനന്തപുരത്തെത്തി പട്ടികജാതി-വര്‍ഗ മന്ത്രി എ.കെ ബാലനെ നേരിട്ടുകണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനാരെയും ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ലെന്നും തനിക്ക് ബിനീഷിനെയും അനിലിനെയും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ ആരെയൊക്കെയാണു ക്ഷണിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിനീഷിനെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു താന്‍ തടഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. ‘എങ്ങനെ ഞാന്‍ അങ്ങേരെ തടയും? അങ്ങേരുടെ സൈസ് കണ്ടിട്ടുണ്ടോ? എന്നെക്കണ്ടോ.. യൂണിയന്‍ വിളിച്ചിരിക്കും. അതുകൊണ്ടല്ലേ ഇവരൊക്കെ വന്നത്.’- അദ്ദേഹം പറഞ്ഞു.

അതിഥികളെ ക്ഷണിക്കുന്നത് യൂണിയന്‍ മാത്രമാണോ ചെയ്യുന്നതെന്ന ചോദ്യത്തിന്, പ്രിന്‍സിപ്പലറിയാതെ അങ്ങിനെ ചെയ്തത് തെറ്റാണെന്നും പക്ഷേ താനൊരു പ്രിന്‍സിപ്പലാണ്, അച്ഛന്‍റെ സ്ഥാനത്ത് നില്‍ക്കുന്നയാളാണെന്നും അവരെ ഒറ്റിക്കൊടുക്കുന്നതു ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്.

0Shares