മലപ്പുറം: തിരൂരില്‍ നടന്ന ബി.ജെ.പി സംസ്ഥാനക്കമ്മിറ്റിയുടെ ഫണ്ട് ശേഖരണ പരിപാടിയില്‍ പങ്കെടുത്ത വനിതാ ലീഗിന്റെ സംസ്ഥാന അധ്യക്ഷ ഡോ. ഖമറുന്നിസ അന്‍വറിനെതിരെ നടപടിയെടുക്കാനൊരുങ്ങി ലീഗിലെ മുതിര്‍ന്ന നേതാക്കള്‍. ബി.ജെ.പിയുടെ പ്രവര്‍ത്തന ഫണ്ട് അവര്‍ ഉദ്ഘാടനം ചെയ്തത് വളരെ ഗൗരവമുള്ള വിഷയമായാണ് ലീഗ് നേതൃത്വം കണക്കാക്കുന്നത്. ഖമറുന്നീസ ചെയ്തത് വളരെ വലിയ തെറ്റാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി പറഞ്ഞു. ഖമറുന്നിസയല്ല ലീഗിന്റെ സാധാരണ പ്രവര്ത്തകന് പോലും ബിജെപിയുമായി ചെറിയതോതിലെങ്കിലും സഹകരിക്കുകയാണെങ്കില്‍ ഗൗരവപൂര്‍വ്വം നടപടിയെടുക്കുമെന്നും മായിന്‍ ഹാജി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരൂരില്‍ നടന്ന ബി.ജെ.പി സംസ്ഥാന ഫണ്ട് ശേഖരണ പരിപാടി ഉദ്ഘാടനം ചെയ്ത് ആദ്യഫണ്ട് സംഭാവന ചെയ്തത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷ കൂടിയായ ഖമറുന്നീ അന്‍വറാണ്. ബി.ജെ.പി കേരളത്തില്‍ ശക്തിപ്രാപിക്കുന്ന പാര്‍ട്ടിയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. നാടിന്റെ പുരോഗതിക്ക് ബി.ജെ.പി നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി തന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു ചെറിയ വിഹിതം നല്‍കുകയാണെന്ന് പറഞ്ഞ് കൊണ്ടാണ് ബി.ജെ.പി സംസ്ഥാന ഫണ്ട് ശേഖരണ യജ്ഞം അവര്‍ ഉദ്ഘാടനം ചെയ്തത്. ഡോ. ഖമറുന്നിസയും എം.സി മായിന്‍ഹാജിയും തമ്മില്‍ കുറച്ച് കാലമായി ശീത സമരം നിലനില്‍ക്കുന്നതായി അരങ്ങിലും അണിയറയിലും സംസാരമുണ്ട്. ഇവര്‍ തമ്മിലുള്ള പോര് ഇതോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. കോഴിക്കോട്ട് നടന്ന ലീഗ് യൂത്ത് സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയ ഖമറുന്നിസയെ, ‘പെണ്ണുങ്ങള് ആണുങ്ങളുടെ മുന്നില്‍ അങ്ങിനെ പ്രസംഗിക്കണ്ട’ എന്ന് പറഞ്ഞ് മായിന്‍ഹാജി തടഞ്ഞത് ഏറെ വിവാദമായിരുന്നു.