
തിരുവനന്തപുരം: കേരളത്തിലെ അഞ്ചു ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ബി.ജെ.പി- കോണ്‍ഗ്രസ് വോട്ടുകച്ചവടത്തെ അതിജീവിച്ച് ഇടതുമുന്നണി വന്‍ജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വയനാട്, മലപ്പുറം മണ്ഡലങ്ങള്‍ ഒഴികെ 18 സീറ്റുവരെ നേടി 2004ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നാണ് സി.പി.എം സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍.
സംസ്ഥാനത്തെ ന്യൂനപക്ഷവോട്ടുകള്‍ ഇടതിനു ലഭിക്കുമെന്നും അതിനൊപ്പം ഭൂരിപക്ഷവോട്ടുകളും ഇടതു അനുകൂലവോട്ടുകളും സമാഹരിക്കാന്‍ കഴിയുന്നതിലൂടെ വലിയ മുന്നേറ്റം സാധിക്കുമെന്നും യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നി എഴു മണ്ഡലങ്ങളിൽ ജയം ഉറപ്പെന്നു പാര്‍ട്ടി കരുതുന്നു. പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി മണ്ഡലങ്ങളിൽ ജയസാധ്യതയും പാർട്ടി കണക്ക് കൂട്ടുന്നു.

2004ല്‍ ബി.ജെ.പി 10.38%വോട്ടുകള്‍ നേടിയപ്പോഴും 18 സീറ്റു നേടാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞു. 2009ല്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 6.31 ആയി കുറഞ്ഞപ്പോള്‍ സീറ്റുകളുടെ എണ്ണം നാലായി. 2014ല്‍ ബി.ജെ.പി വോട്ടുവിഹിതം 10% ആയപ്പോള്‍ സീറ്റുകളുടെ എണ്ണം എട്ടായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 10.53% വോട്ടുനേടിയപ്പോഴും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടായി. ലോക്സഭാ മണ്ഡലങ്ങളിലും വ്യക്തമായ മുന്നേറ്റം ഉണ്ടായി.
അതുകൊണ്ടുതന്നെ ബി.ജെ.പി വോട്ടിലെ ചാഞ്ചാട്ടമാണ് പല മണ്ഡലങ്ങളിലും എല്‍.ഡി.എഫ് തലവേദനയായി കാണുന്നത്. പരമാവധി എല്‍.ഡി.എഫ് വോട്ടര്‍മാര്‍ വോട്ടു ചെയ്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റും വോട്ടും ഇടതിനു ലഭിക്കുമെന്ന പൂര്‍ണ വിശ്വാസമാണ് സെക്രട്ടേറിയറ്റിനുള്ളതെന്നു കോടിയേരി പറഞ്ഞു. 18 സീറ്റ് മുന്നണിക്ക് കിട്ടും. 2004ന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
ബി.ജെ.പി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ഷെയര്‍ ബി.ജെ.പിക്കു വര്‍ധിക്കുമെന്നും കോടിയേരി പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യരുത് എന്ന നിലപാട് എല്‍.ഡി.എഫ് സ്വീകരിച്ചിട്ടില്ലെന്ന്‍ ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.
