ബാധയൊഴിപ്പിക്കല്‍ ചടങ്ങുകള്‍ക്ക് ബി.ജെ.പി മന്ത്രിമാരുടെ പിന്തുണ.

  • Post category:news
  • Reading time:1 min read
You are currently viewing ബാധയൊഴിപ്പിക്കല്‍ ചടങ്ങുകള്‍ക്ക് ബി.ജെ.പി മന്ത്രിമാരുടെ പിന്തുണ.

അഹമ്മദാബാദ്: ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഗുജറാത്ത് മന്ത്രിമാര്‍ വിവാദത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ-റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമ, സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാര്‍മാര്‍ എന്നിവരാണ് വിവാദത്തിലായത്. കഴിഞ്ഞ ദിവസം ബോട്ടഡ് ജില്ലയിലെ ഗദാഹഡ ഗ്രാമത്തില്‍ നടന്ന ബാധയൊഴിപ്പിക്കല്‍ ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ബാധ ഒഴിപ്പിക്കുന്ന മന്ത്രവാദികളുടെ മുമ്പിലിരിക്കുന്ന മന്ത്രിമാരെ വീഡിയോയില്‍ വ്യക്തമായി കാണാമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടു മന്ത്രവാദികള്‍ ഗുജറാത്തി സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ചങ്ങല ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ അടിക്കുന്നത് വീഡിയോയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പിയുടെ പ്രാദേശിക ഘടകം സംഘടിപ്പിച്ച ചടങ്ങില്‍ പ്രദേശത്തെ എം.എല്‍.എമാരും പങ്കെടുത്തെന്നാണ് വിവരം. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. കൂടാതെ, മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തകരും യുക്തിവാദികളും രംഗത്തെത്തി. അതേസമയം സംഭവം വിവാദമായതോടെ ഒരു വിശുദ്ധ ചടങ്ങില്‍ പങ്കെടുക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് മന്ത്രി ചുടാസമ പ്രതികരിച്ചു.

0Shares