പാറ്റ്ന: ബലാത്സംഗം ചെറുത്തതിന് 13 വയസ്സുകാരിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു. പാറ്റ്നയില്‍ നിന്ന് ഭഗല്‍പൂരിലെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും അടുത്ത് എത്തിയ പെണ്‍കുട്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ അയല്‍വാസിയാണ് കുട്ടിയെ ആക്രമിച്ചത്.
വയലിലൂടെ നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ 22 വയസ്സുള്ള ഗേനു ശര്‍മ്മ എന്ന യുവാവ് കടന്ന് പിടിയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ഓടിയെത്തി. ഇതില്‍ ദേഷ്യം വന്ന ഗേനു പെണ്‍കുട്ടിയുടെ വലത് കണ്ണില്‍ ആണി എടുത്ത് കുത്തുകയായിരുന്നു.

റെറ്റിന തകര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയയാക്കി. കണ്ണില്‍ ഇപ്പോഴും രക്തം കട്ടപിടിച്ച് കിടപ്പുണ്ടെന്നും, റെറ്റിനയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ കാഴ്ച ശക്തി തിരികെ കിട്ടാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ ആക്രമിച്ച ഗേനു ശര്‍മ്മ പോലീസിന്റ പിടിയിലാണ് . ഇയാള്‍ കുറ്റം സമ്മതിച്ചു. ബലാത്സംഗം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പെണ്‍കുട്ടിയെ കടന്ന് പിടിച്ചതെന്ന് ഇയാള്‍ പേലീസിനോട് പറഞ്ഞു.