ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് നടത്തിയതിന് രണ്ടു പേര് അറസ്റ്റില്‍. പ്രധാനമന്ത്രിയുടെ പേരിലുള്ള കമ്പ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനമാണെന്ന വ്യാജേന, വെബ്സൈറ്റ് നിര്‍മ്മിച്ച് വഞ്ചന നടത്തിയ കുറ്റത്തിന്റെ പേരിലാണ് അതുല്‍ കുമാര്‍, ജഗ്മോഹന്‍സിങ് എന്നീ ഉത്തര്‍പ്രദേശ് സ്വദേശികളെ സിബിഐ പിടികൂടിയത്.

‘നരേന്ദ്ര മോദി കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്’ എന്ന പേരിലുള്ള വെബ്സൈറ്റിനെക്കുറിച്ച് വ്യാപകമായി പരാതികള്‍ ലഭിച്ചത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന നിലയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തി തട്ടിപ്പു നടത്തുകയായിരുന്നു ഇവര്‍.

സ്ഥാപനത്തിന്റെ പേരില്‍ വലിയ തുക പലരില്‍നിന്നായി വാങ്ങുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിനാണ് സിബിഐ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൂഢാലോചന, വഞ്ചന, ഓണ്‍ലൈന്‍ തട്ടിപ്പ് എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരായി ചുമത്തിട്ടുണ്ട്.