പ്രധാന തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെടുത്തില്ല; നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാന തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെടുത്തില്ല; നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയാന്‍ മാറ്റിയത്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയിലെത്തിയത്. അതേസമയം കേസിലെ പ്രധാന തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെടുക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോകുകയാണ് എന്നീ കാര്യങ്ങളാണ് പോലീസ് കോടതിയില്‍ നല്‍കിയ റിമാന്റ് റിപോര്‍ട്ടിലുള്ളത്. വീഡിയോ കോണ്‍ഫറന്‍സ് വഴി അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് നീട്ടിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. അതിനിടെ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.തൃശ്ശൂരില്‍ നടന്ന സിറ്റിംഗിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ പരാതി നല്‍കിയത്. ദിലീപിനെതിരെ അന്വേഷണം നീണ്ടു പോവുകയാണെന്ന പരാതിയിലും ആലുവ റൂറല്‍ എസ്.പിയോട് കമ്മീഷന്‍ വിശദീകരണം തേടും. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം കൂടിയതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ജയിലില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ പാലിക്കാറുള്ള നിയന്ത്രണം ദിലീപിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓണത്തോടടുത്ത ദിവസങ്ങളിലായിരുന്നു ദിലീപിന് സന്ദര്‍ശകര്‍ കൂടിയത്. ജയറാം, ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, ഷാജോണ്‍, രഞ്ജിത്, നാദിര്‍ഷ, ആന്റണി പെരുമ്പാവൂര്‍, അരുണ്‍ ഘോഷ്, ബെന്നി പി നായരമ്പലം, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്. ഇതിന് പിന്നാലെയായിരുന്നു നിയന്ത്രണം.

0Shares