ന്യൂഡല്‍ഹി: പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍ വീട്ടില്‍ കയറി വെടിവെച്ചു. ഡല്‍ഹിയിലെ ഭാരത് നഗറില്‍ ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതോടെ പെണ്‍കുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊലപാതകശ്രമത്തിന് യുവാവിനെതിരെ കേസെടുത്തു.
പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞ യുവാവ് ഓഗസ്റ്റ് നാലിന് രാത്രിയില്‍ വീട് അതിക്രമിച്ച് കയറുകയും പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഉടനടി ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.