
കൊച്ചി: എസ്.എഫ്.ഐ നേതൃത്വത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍.ബീനയെ സ്ഥലംമാറ്റി. തലശേരി ബ്രണ്ണന്‍ കോളജിലേക്കാണ് സ്ഥലംമാറ്റം. മഹാരാജാസ് കോളജിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് പകരം പ്രിന്‍സിപ്പല്‍ അതിനെ രൂക്ഷമാകുകയാണുണ്ടായതെന്ന വിമർശനം പ്രൊഫ. എന്‍.എല്‍.ബീനക്ക് നേരെയുണ്ടായിരുന്നു. ക്യാംപസില്‍ പ്രിന്‍സിപ്പലിന്റെ നിലപാടുകള്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണുങ്ങളുടെ ചൂട് പറ്റാനാണെന്ന പ്രിന്‍സിപ്പലിന്റെ പരാമര്‍ശം വിവാദമായി.
പിന്നീട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നതിലേക്കു കാര്യങ്ങളെത്തി. കോളജ് ഹോസ്റ്റലില്‍നിന്നു മാരകായുധങ്ങള്‍ പോലീസിനെ ഉപയോഗിച്ച് പിടിച്ചെടുപ്പിച്ച നടപടിയും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. മുഖ്യമന്ത്രിക്ക് സഭയില്‍ ഈ സംഭവത്തിന് മറുപടി പറയേണ്ടിവന്നു. ഇതിനു ശേഷം പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് എന്‍.എല്‍.ബീനയെ മാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നല്കി. ഇതേത്തുടർന്നാണ് ഒടുവിൽ സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്.