തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എയുടെ നിലപാട് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ന്യായീകരണ വാദവുമായി വന്നാല്‍ അത് ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകും. സ്പീക്കര്‍ എന്നനിലയില്‍ പി.സി ജോര്‍ജിനെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. വിഷയം നിയമ സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിടുമെന്ന സൂചനയുണ്ട്. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ സ്പീക്കറാണ് എടുക്കുക.
സ്പീക്കറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പൊലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കേണ്ട ശിക്ഷയെ സംബന്ധിച്ചോ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയില്‍ കയറി അഭിപ്രായം പറയുന്ന ശീലമെനിക്കില്ല. എന്നാല്‍ അര്‍ദ്ധരാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങവേ നിര്‍മാതാവ് ഏര്‍പ്പെടുത്തിയ കാറിനുള്ളില്‍ വച്ച് രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേള്‍ക്കുകയും ചെയ്തതാണ്.
‘അങ്ങനെ ആക്രമിക്കപ്പെട്ടവള്‍ രണ്ടാം ദിവസം ഷൂട്ടിംഗിനുപോകുമോ ‘ എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങള്‍ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെ നിലപാട്. ശരിയാണെന്നു തോന്നുന്നവര്‍ക്ക് ഐക്യപ്പെടാം. അല്ലാത്തവര്‍ക്ക് വിയോജിക്കാം. ഇത്തരം സംഭവങ്ങളിള്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ന്യായീകരണ വാദവുമായി രംഗത്തുവന്നാല്‍ അത് ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകള്‍ ഉണ്ടാകാന്‍ പാടില്ല എന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചു നില്ക്കുന്നു. ഒരു മനുഷ്യന് എന്ന നിലയിലുള്ള എന്റെ ഉറച്ച ബോധ്യമാണിത്. ഈ സംഭവത്തില്‍ ഞാന്‍ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിലസുഹൃത്തുക്കള്‍ ചോദിക്കുകയുണ്ടായി. തീര്‍ച്ചയായും സാധ്യമായതെല്ലാം ചെയ്യും.
