
പാലാരിവട്ടം മേൽപാലം പുതുക്കിപ്പണിയാൻ ചെലവു വരുന്ന 18 കോടി രൂപ നിർമാതാക്കളായ ആർ.ഡി.എസ് പ്രോജക്ടിൽ നിന്ന് ഈടാക്കും. ഭാവിയിൽ സംസ്ഥാന സർക്കാർ പദ്ധതികളുടെ നിർമാണത്തിൽ നിന്ന് തടയാൻ ആർ.ഡി.എസിന് മരാമത്ത് വകുപ്പ് വിലക്കേർപ്പെടുത്തും. അതേസമയം, നിലവിൽ ആർ.ഡി.എസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ആലപ്പുഴ ബൈപാസ് നിർമാണം, കഴക്കൂട്ടം മേൽപാല നിർമാണം എന്നിവ തടസ്സപ്പെടില്ല. പാലാരിവട്ടം മേൽപാലത്തിന്‍റെ നിർമാണ കരാറിൽ തന്നെ പാലത്തിനുണ്ടാകുന്ന കേടുപാടുകൾ ഏജൻസി സ്വയം തീർക്കുകയോ സർക്കാർ മറ്റാരെയെങ്കിലും നിയോഗിച്ചു പണി നടത്തിയാൽ ആവശ്യമായ തുക തിരികെ നൽകുകയോ വേണമെന്നു വ്യവസ്ഥയുണ്ട്.

ഇ.ശ്രീധരൻ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18 കോടിയാണ് തകരാറുകൾ പരിഹരിക്കാനുള്ള ചെലവ്. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. മേൽപാല നിർമാണത്തിൽ കമ്പനി നേരിട്ടറിഞ്ഞോ അല്ലാതെയോ ഗുരുതര വീഴ്ച വരുത്തിയെന്നാണു വിദഗ്ധ റിപ്പോർട്ടുകളിൽ വ്യക്തമായത്. പാലങ്ങളുടെ കോൺക്രീറ്റ് മിക്സ് നിലവാരം എം 35 ആകണമെന്നാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് നിബന്ധന. ഇതു പരമാവധി 32 വരെ മാത്രമേ താഴാൻ പാടുള്ളൂ. എന്നാൽ, പാലാരിവട്ടം പാലത്തിന്റേത് എം 22 ആണെന്നാണു കണ്ടെത്തൽ.
സ്വകാര്യ കമ്പനികളിൽ നിന്നു നിലവാര പരിശോധനയില്ലാതെ കോൺക്രീറ്റ് മിക്സ് വാങ്ങി ഉപയോഗിച്ചതാണ് പ്രശ്നമായതെന്നും സൂചനയുണ്ട്. കമ്പി ആവശ്യത്തിനില്ലെന്നും ബെയറിങ് ഘടിപ്പിച്ചപ്പോൾ പരസ്പരം മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആർ.ഡി.എസിന്‍റെ കേരളത്തിലെ മറ്റു നിർമാണങ്ങൾക്കൊന്നും അപാകതയില്ലെന്നും മരാമത്ത് വകുപ്പ് പറഞ്ഞു. ആലപ്പുഴ, കൊല്ലം ബൈപാസ് നിർമാണക്കരാർ ആർ.ഡി.എസ് സംയുക്ത കമ്പനിയാണ് ഏറ്റെടുത്തത്. മരാമത്ത് വകുപ്പ് വിലക്കേർപെടുത്തിയാലും ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന കഴക്കൂട്ടം മേൽപാലം നിർമാണത്തെയും ബാധിക്കില്ല.
