പാര്‍ലമെന്റില്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബിൽ; ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുന്ന നീക്കം

  • Post category:news
  • Reading time:1 min read
You are currently viewing പാര്‍ലമെന്റില്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബിൽ; ബി.ജെ.പിയെയും  പ്രതിരോധത്തിലാക്കുന്ന നീക്കം

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ എൻ. കെ. പ്രേമചന്ദ്രന്‍റെ സ്വകാര്യ ബിൽ വെള്ളിയാഴ്ച്ച ലോക്സഭയിൽ അവതരിപ്പിക്കും. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് കൊണ്ട് വരണമെന്നും തൽസ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ടുള്ള ബിൽ ആണ് പ്രേമചന്ദ്രൻ അവതരിപ്പിക്കുക. 17-ാം ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരിക്കും പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്നത്.

ലോക്സഭാ സ്‍പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിൽ അവതരിപ്പിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ യു.ഡി.എഫ് ബിൽ കൊണ്ട് വരുമ്പോൾ, ബിൽ ചർച്ചാവേളയിൽ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും നിലപാട് പറയേണ്ടി വരും. കേന്ദ്ര സർക്കാർ ബില്ലിനെ എതിർത്താൽ കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥ പരിതാപകരമാകും. ഇത്രനാളും കാട്ടി കൂട്ടിയത് കള്ളത്തരമായിരുന്നുവെന്ന് വിളിച്ചു പറയുന്നതായിരിക്കും അത്.

വലിയ രാഷ്ട്രീയ ചലനമുണ്ടാക്കാന്‍ സാധ്യതയുള്ള ബില്ലാണിത്. ബി.ജെ.പിയെ കൂടി പ്രതിരോധത്തിലാക്കുകയാണ് ബില്ലിലെ രാഷ്ട്രീയമെന്ന് പ്രേമചന്ദ്രൻ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ബി.ജെ.പി സ്വന്തം നിലപാട് സഭയിൽ മാറ്റി പറയുമോ എന്ന് കാണാം.

0Shares