പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് സത്യവാങ്മൂലം; ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല

  • Post category:news
  • Reading time:1 min read
You are currently viewing പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് സത്യവാങ്മൂലം; ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല

കൊച്ചി: ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ വെദികരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. വെദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജോബ് മാത്യു എന്നിവരാണ് കോടതിയെ സമീപിച്ചത്. ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി.മാത്യു എന്നിവരാണ് കേസെടുത്ത മറ്റു വൈദികര്‍.പ്രതികള്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ സത്യവാങ്മൂലം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ ബാലിശമായ ആക്ഷേപങ്ങള്‍ മാത്രമേ വൈദികര്‍ക്കെതിരെയുള്ളുവെന്നും എന്നാല്‍ യുവതിയുടെ മൊഴി ലഭിക്കാതെ അത് വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്നും കോടതി അറിയിച്ചു. യുവതിയുടെ സത്യപ്രസ്താവന എന്ന നിലയില്‍ മുദ്രപത്രത്തില്‍ ഹാജരാക്കിയത് വിശ്വാസത്തിലെടുക്കാനാവില്ല. മൊഴി തന്നെയാണ് നിയമപരമായി നിലനില്‍ക്കുന്നത്. അതുകൊണ്ട് യുവതിയുടെ വിശദമായ മൊഴി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അത് ഗൗരവപരമായ കുറ്റമല്ല. അതുകൊണ്ട് അറസ്റ്റ് തടയണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എഫ്.ഐആര്‍ ഇട്ടതിന്റെ മഷി ഉണങ്ങിയിട്ടില്ലെന്നും അറസ്റ്റ് തടയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൊഴിയുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ നാല് ദിവസം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് വിശദമായ മൊഴിപകര്‍പ്പ് ലഭിച്ച ശേഷം തിങ്കളാഴ്ച പരിഗണിക്കാനായി കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. വീട്ടമ്മയുടെ കുമ്പസാര രഹസ്യം ജോബ് മാത്യു മറ്റ് വൈദികരോട് പറയുകയും അവരും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അതേസമയം അന്വേഷണ സംഘത്തലവന്‍ ഐ.ജി ശ്രീജിത്ത് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം ദേവലോകത്തെ അരമനയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസന്വേഷണവുമായും നിയമനടപടികളുമായും പൂര്‍ണമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി ഐ.ജി വ്യക്തമാക്കി. വൈദികരുടെ അറസ്റ്റിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

0Shares