
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ വന്‍ തീപിടുത്തം. രണ്ട് കടകള്‍ കത്തിനശിച്ചു. മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. പയ്യന്നൂര്‍ മുകുന്ദാ ആശുപത്രിക്ക് സമീപം മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സി.വി.ഹുസൈന്റെ ഉടമസ്ഥതയിലുള്ള ഹാജി.എ അബ്ദുള്‍ അസീസ് ആന്റ് കമ്പനി, തൊട്ടടുത്ത ഹുസൈന്റെ സഹോദരന്‍ സി.വി.മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള അമീന്‍ ടെക്സ്റ്റയില്‍സ് എന്നീ കടകളാണ് അഗ്‌നിക്കിരയായത്. കടയുടെ മുകള്‍ ഭാഗം അലുമിനിയം ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഗോഡൗണിനാണ് തീപിടിച്ചത്. തീ പടര്‍ന്ന് കടകളിലേക്കും വ്യാപിക്കുകയായിരുന്നു.

ഗോഡൗണില്‍ സൂക്ഷിച്ചു വച്ച യു ഫോം, ഫൈബര്‍ കിടക്കകള്‍, റെക്‌സിനുകള്‍, കുഷ്യന്‍ ഷീറ്റുകള്‍, ബെഡ്ഷീറ്റുകള്‍, ചൂരിദാര്‍ മെറ്റീരിയല്‍സ്, പന്തല്‍ തുണിത്തരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. മറ്റ് മെറ്റീരിയലുകള്‍ പുക പിടിച്ചും നശിച്ചു. നിന്നും തീ വീണ് താഴെ കടക്ക് മുന്നില്‍ നിര്‍ത്തിയിട്ട മുഹമ്മദലിയുടെ ബൈക്കും കത്തിനശിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ എത്തിയ മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സ് ആണ് തീയണച്ചത്.
ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. മെയിന്‍ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതവും നിലച്ചു. പയ്യന്നൂര്‍ എസ്.ഐ കെ.പി.ഷൈന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് വാഹന ഗതാഗതം നിയന്ത്രിച്ച് വഴിതിരിച്ച് വിടുകയും ചെയ്തു. നഗരമധ്യത്തില്‍ തീപിടുത്തമുണ്ടായത് വന്‍ പരിഭ്രാന്തിയാണ് ഉണ്ടാക്കിയത്. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
