സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആദിവാസികളായ പന്ത്രണ്ടുകാരിയും പതിനാലുകാരനും വിവാഹിതരായി. അങ്ങനെ സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള നെന്മേനി പഞ്ചായത്തിലെ പണിയ ആദിവാസി കോളനിയിലാണ് പന്ത്രണ്ടുകാരിയും പതിനാലുകാരനും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചത്. ഇരുവരും പണിയ സമുദായത്തില്‍പ്പെട്ടലരും ഒരേ കോളനിവാസികളുമാണ്. അന്യോന്യം പ്രണയത്തിലായ ഇരുവര്‍ക്കും വീട്ടുകാര്‍ ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി ഋതുമതിയായിക്കഴിഞ്ഞാല്‍ ഇഷ്ടപ്പെട്ടയാളോടൊപ്പം ജീവിക്കാമെന്നാണ് പണിയ സമുദായത്തിലെ കീഴ് വഴക്കം. പ്രത്യേകം ചടങ്ങുകളൊന്നുമില്ലാതെയാണ് ഇരുവരും ഒന്നിച്ച് താമസിക്കാനാരംഭിച്ചത്. പണിയ സമുദായത്തില്‍ പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ ഇഷ്ടപ്പെട്ടാല് മിക്കവരും പിന്നീട് കല്യാണം ചടങ്ങായി നടത്താറില്ല.
കോളനിയില്‍ ആശാവര്‍ക്കര്‍ എത്തിയപ്പോഴാണ് ശൈശവ വിവാഹവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഈ വിവരം വാര്‍ഡംഗത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍ ആദിവാസികള്‍ക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആചാരപ്രകാരം വിവാഹം കഴിക്കുന്ന യുവാക്കള്‍ക്കെതിരേ, പോക്സോ പ്രകാരം കേസെടുക്കരുതെന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള ജില്ലാതല മോണിറ്ററിങ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം തീരുമാനമെടുത്തിരുന്നു. ഇതുകാരണം വയനാട് ജില്ലയിലെ ആദിവാസികള്‍ക്കിടയില്‍ ശൈശവ വിവാഹങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.