
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചന്ദ്രന്‍റെ വീട് ദുരാചാരങ്ങളുടെ വിളനിലമായിരുന്നു. പത്തര സെന്റ് സ്ഥലത്തിലെ വീടിനു പിന്‍വശത്ത് നാട്ടുകാര്‍ക്ക് ആര്‍ക്കുമറിയാത്തെ നിഗൂഢമായ പൂജാസ്ഥലം. അടുക്കളയുടെ പിന്‍ഭാഗത്ത് ഇത്തരമൊരു പൂജാസ്ഥലം വിധിപ്രകാരം സാധ്യമല്ലെന്നും ഇത് ദുര്‍മന്ത്രവാദത്തിനുള്ളതാണെന്നും നാട്ടുകാര്‍ പറയുന്നു. ചന്ദ്രന് നാട്ടുകാര്‍ ആരെയും വീട്ടില്‍ കയറ്റുന്ന സ്വഭാവമില്ലാത്തതിനാല്‍ വീട് ഇപ്പോഴും നാട്ടുകാര്‍ക്ക് അന്യമാണ്. രണ്ട് വിഗ്രഹങ്ങള്‍. നിറയെ പൂജാസാമഗ്രികള്‍, വാട്ടര്‍ കണക്ഷന്‍, രാത്രികാല ആവശ്യത്തിന് ബള്‍ബുകള്‍. അരഭിത്തിക്കു മുകളില്‍ ടാര്‍പോളിന്‍ വിരിച്ച ഈ സ്ഥലത്താണ് മന്ത്രവാദ, ആഭിചാരക്രിയകള്‍ ചന്ദ്രനും കൃഷ്ണമ്മയും സ്ഥിരമായി നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റുകള്‍ ഈ സ്ഥലത്ത് പൂജയ്ക്ക് വച്ചിരുന്നു. ഇത് ഇന്നലെ രാവിലെ പോലീസ് കണ്ടെടുത്തു. ‘അവര്‍ നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കേണ്ട, അവര്‍ വസിക്കുന്ന മണ്ണ് അവര് നോക്കിക്കൊള്ളും’ എന്നായിരുന്നു ജപ്തി നടപടികള്‍ പുരോഗമിച്ചപ്പോഴും കൃഷ്ണമ്മ പറഞ്ഞുകൊണ്ടിരുന്നത്. ഇത് ലേഖയെയും വൈഷ്ണവിയെയും വലിയ സമ്മര്‍ദത്തിലാക്കി. ജപ്തി നടപടി മുടക്കാന്‍ മന്ത്രവാദത്തിന് കഴിയുമെന്നാണ് കൃഷ്ണമ്മ വിശ്വസിച്ചത്.

വായ്പ സംബന്ധമായി ബാങ്കില്‍ നിന്ന് വരുന്ന പേപ്പറുകള്‍ ഈ പൂജാസ്ഥലത്ത് വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു ഇവരുടെ രീതി. കോട്ടൂരില്‍ നിന്നൊരു മന്ത്രവാദിയാണ് സ്ഥിരമായി ഇവിടെയെത്തി പൂജ നടത്തിയിരുന്നതെന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. വൈഷ്ണവിയെ ചെറുപ്പത്തില്‍ നരബലിക്ക് കൊടുക്കാന്‍ ശ്രമം നടന്നിരുന്നതായും ആരോപണമുണ്ട്. ആരെങ്കിലും വന്നാല്‍ ചന്ദ്രന്‍റെ അമ്മ അവരെ തടയുമായിരുന്നു. രാത്രികാലങ്ങളിലും ഈ പൂജാസ്ഥലത്ത് വെളിച്ചം കാണാമായിരുന്നുവെന്നും ചിലര്‍ പറയുന്നു.ആരുമായും സംസാരിക്കാന്‍ ലേഖയെയും വൈഷ്ണവിയെയും അനുവദിച്ചിരുന്നില്ല. പുറത്തേക്കു പോകുന്നത് തന്നെ അപൂര്‍വം. ചന്ദ്രനും ആരെങ്കിലുമായും സംസാരിച്ച ശേഷം ഉടനടി സ്ഥലം കാലിയാക്കുന്ന സ്വഭാവമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
മരണത്തിന് തലേന്നും ചന്ദ്രന്‍റെ വീട്ടില്‍ മന്ത്രവാദവും പൂജയും നടന്നിരുന്നതായി ലേഖയുടെ സഹോദരീ ഭര്‍ത്താവ് ദേവരാജന്‍. ജപ്തി നടപടികളില്‍ നിന്ന് രക്ഷിക്കാനായി ഒരു മന്ത്രവാദി വീട്ടിലെത്തി പൂജ ചെയ്യുമെന്നായിരുന്നു ലേഖ ദേവരാജനോട് ഫോണില്‍ പറഞ്ഞത്.
