
ലണ്ടൻ: ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മാപ്പപേക്ഷയുമായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. ‘നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കത് കഴിയുന്നില്ലെങ്കില്‍ നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അർഹതയില്ല’ എന്ന തലക്കെട്ടില്‍ ബ്രിട്ടീഷ് പത്രങ്ങളുടെ ബാക്ക് പേജില്‍ ഫുള്‍ ആയാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

ബ്രിട്ടന് ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റിക്കക്കുവേണ്ടി അലക്സാണ്ടര്‍ കോഗന് എന്ന ഗവേഷകന് നിര്‍മിച്ച ആപ് വഴിയാണ് കോടിക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഫേസ്ബുക്കിന്റെ ഒാഹരികള്‍ വ്യാപകമായി ഇടിഞ്ഞിരുന്നു. ഒരാഴ്ച കൊണ്ട് സക്കര്‍ബര്‍ഗിന് മാത്രം നഷ്ടപ്പെട്ടത് 1000 കോടി ഡോളറാണ്.
കേംബ്രിജ് യൂനിവേഴ്സിറ്റി ഗവേഷകന് വികസിപ്പിച്ചെടുത്ത ചോദ്യാവലിയാണ് 2014ല്‍ ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് സക്കര്‍ബര്‍ഗ് വിശദീകരിച്ചു. വിശ്വാസലംഘനമാണിത്. ആ സമയത്ത് ഞങ്ങള്‍ക്ക് കൂടുതലായി ഒന്നുംചെയ്യാന്‍ കഴിയാതിരുന്നതില്‍ ക്ഷമിക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ നടപടികള്‍ സ്വീകരിക്കുമെന്നും സക്കര്‍ബര്‍ഗ് ഉറപ്പുനല്‍കി.
