പാലക്കാട്: പാലക്കാട് വാളയാറില്‍ ഒമ്പതു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാളയാര്‍ അട്ടപ്പാളം സ്വദേശി ഷാജുവിന്റെയും ഭാഗ്യവതിയുടെയും മകള്‍ ശരണ്യ(9)യെയാണ് ശനിയാഴ്ച്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ശരണ്യയുടെ അച്ഛനാണ് മൃതദേഹം ആദ്യം കണ്ടത്. വീടിന്റെ ഉത്തരത്തില്‍ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 
ഒന്നരമാസം മുമ്പ് ശരണ്യയുടെ 14 വയസ്സുകാരിയായ സഹോദരിയെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്ന് വീടിനുള്ളില്‍ നിന്ന് രണ്ടുപേര്‍ ഇറങ്ങി പോകുന്നത് കണ്ടുവെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. എട്ടടി ഉയരമുള്ള ഉത്തരത്തില്‍ ശരണ്യയ്ക്ക് കൈ എത്തിയതെങ്ങനെയെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. മൃതദേഹം താഴെ ഇറക്കാന്‍ നോക്കിയ സമയം കഴുത്തില്‍ നിന്നും കെട്ടഴിഞ്ഞ് ശരീരം താഴെ വീണിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. ശരണ്യയുടെയും സഹോദരിയുടെയും മരണം അന്വേഷിക്കാന്‍ പാലക്കാട് എസ് പി ഉത്തരവിട്ടിരിക്കുകയാണ്.