
ന്യൂഡല്‍ഹി: നാരദ മീഡിയ ഇന്ത്യ എന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓണ്‍ ലൈന്‍ പത്രമായ നാരദ ന്യൂസിന്റെ ഡയറക്ടർ ബോർഡിൽ നിന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും നാരദാ ന്യൂസിന്റെ ചീഫ് എഡിറ്ററുമായിരുന്ന മാത്യു സാമുവൽ രാജിവെച്ചു. കമ്പനിയുടെ മറ്റൊരു ഡയക്ടറായ ഏയ്ഞ്ചൽ ടിൻസി അബ്രഹാമും തന്റെ രാജി സമർപ്പിച്ചിട്ടുണ്ട്. മാത്യു സാമുവൽ, ഏയ്ഞ്ചൽ ടിൻസി അബ്രഹാം എന്നിവർ സമർപ്പിച്ച രാജി സ്വീകരിച്ചതായും അവരെ തങ്ങൾ വഹിച്ചുകൊണ്ടിരുന്ന സ്ഥാനങ്ങളിൽ നിന്നും നീക്കിയതായും അറിയിച്ചുകൊണ്ട് നാരദാ ന്യൂസ് ജീവനക്കാർക്ക് കമ്പനി അധികൃതർ മെയില്‍ അയച്ചതായി ഇ. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥാപനത്തിനെക്കുറിച്ച് ഈയടുത്തകാലത്തായി ഉണ്ടായതായി ആരോപിക്കപ്പെടുന്ന ചില മോശം വാർത്തകൾ കമ്പനിയുടെ യശസ്സ് കെടുത്തുകയും കമ്പനിയെ നന്നല്ലാത്ത അവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തെക്കുറിച്ചും മെയിലിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ കമ്പനിയുടെ പൂർവ്വകാല യശസ്സ് തിരികെക്കൊണ്ടുവരാൻ പുതിയ മാനേജ്മെന്റ് ശ്രമിക്കുമെന്നും ഇതിനായി ജീവനക്കാരുടെ സഹകരണം ആവശ്യമാണെന്നും മെയിലിൽ പറയുന്നുണ്ട്. നാരദാ ന്യൂസിന്റെ ഡൽഹി ഓഫീസിലെ നിരവധി ജീവനക്കാരെ ശമ്പളം നൽകാതെ അനധികൃതമായി പിരിച്ചുവിട്ടതിനെതിരെ ജീവനക്കാർ ലേബർ കോടതിയിൽ പരാതി നൽകിയിരുന്നു. ഡൽഹിയിലെ ലേബർ കോടതി നിരന്തരം സമൻസ് അയച്ചിട്ടും മാത്യു സാമുവൽ ഹാജരായിട്ടില്ല. പുതിയ നീക്കം ഈ കേസുകളിൽ നിന്നെല്ലാം രക്ഷപ്പെടാനാണെന്നാണു ഈ ജീവനക്കാർ ആരോപിക്കുന്നത് എന്ന് വാര്‍ത്തയില്‍ പറയുന്നു.
“ നമ്മുടെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന മാത്യു സാമുവലും ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസറുമായിരുന്ന ഏയ്ഞ്ചൽ ടിൻസി അബ്രഹാമും കമ്പനിയിൽ നിന്നും രാജിവെച്ചിരിക്കുകയാണു. അവരുടെ രാജി കമ്പനി സ്വീകരിക്കുകയും, രണ്ടുപേരുടേയും രാജി സ്വീകരിക്കുവാനും രണ്ടുപേരും വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും അവരെ ഒഴിവാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ടുപേരുടെയും ഭാവിപരിപാടികൾക്ക് കമ്പനി എല്ലാ ഭാവുകങ്ങളും നേരുന്നു. പുതിയ സാഹചര്യങ്ങൾ നിലവിലെ ജീവനക്കാർക്ക് പെട്ടെന്നുള്ള തൊഴിൽനഷ്ടവും മറ്റും ഉണ്ടാക്കാതെയിരിക്കുവാനായി കമ്പനി ആക്ടും അനുബന്ധനിയമങ്ങളും അനുസരിച്ച് കമ്പനിയുടെ ഡയറക്ടർ ബോർഡ് പുനർനിർമ്മിച്ചിട്ടുണ്ട്. “ – ഇമെയിൽ പറയുന്നു.
