കൊല്ലൂര്‍: മഹാനവമിക്ക് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഒരുങ്ങി. നവമിദിനത്തിലെ ഏറ്റവും ചൈതന്യാത്മകമെന്ന് വിശേഷിപ്പിക്കുന്ന രഥോത്സവം വെള്ളിയാഴ്ച രാത്രി 8.45-ന് തുടങ്ങും. വൈകീട്ട് തന്ത്രി നിത്യാനന്ദ അഡിഗയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സുവാസിനിപൂജയും ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ശീവേലി എഴുന്നള്ളിപ്പും നടക്കും. തുടര്‍ന്ന് ദേവീവിഗ്രഹം ചുറ്റമ്പലത്തിനുള്ളില്‍ പുഷ്പംകൊണ്ട് അലങ്കരിച്ച രഥത്തിലേറ്റി പൂജയ്ക്കുശേഷം രഥംവലി ആരംഭിക്കും. ദേവീ വിഗ്രഹം സരസ്വതിമണ്ഡപത്തിലെ പൂജയ്ക്കുശേഷം ശ്രീകോവിലിലെത്തിച്ച് കലശപൂജ നടത്തുന്നതോടെ രഥോത്സവ ചടങ്ങ് സമാപിക്കും. നവമി വിളക്ക് തൊഴാനും സ്വര്‍ണരഥത്തില്‍ എഴുന്നള്ളുമ്പോള്‍ മൂകാംബികാദേവിക്ക് മുമ്പില്‍ മനസര്‍പ്പണം നടത്താനും കൊല്ലുരിലേക്ക് ഭക്തരുടെ പ്രവാഹമാണ് ഇപ്പോള്‍. ലോഡ്ജുകളിലെല്ലാം വന്‍ തിരക്കാണ്. ഇടക്കിടേ നല്ല മഴപെയ്യുന്നത് ആഘോഷത്തിന് മങ്ങലേല്‍പിക്കുന്നുണ്ട്. ചണ്ഡ-മുണ്ഡാസുരന്‍മാരെ വധിച്ച ശേഷമുള്ള രൗദ്രഭാവത്തിലാകും ദേവിയുടെ എഴുന്നള്ളത്ത്. എഴുന്നള്ളത്തിന് ശേഷം അഭിഷേകവും തീര്‍ഥപ്രസാദവിതരണവും നടക്കും. നവമി സന്ധ്യയില്‍ ഒമ്പത് ബ്രാഹ്മണ സ്ത്രീകള്‍ ദേവിക്ക് പൂജ നടത്തുന്ന അപൂര്‍വതയും കൊല്ലൂര്‍ ക്ഷേത്രത്തിലുണ്ട്. ദാമ്പത്യഭിവൃദ്ധിക്കുള്ള സുഹാസിനി പൂജയാണ് നവമി ദിവസം ബ്രാഹ്മണസ്ത്രീകള്‍ നടത്തുക.
നവരാത്രി നാളിലെ മറ്റൊരുപ്രധാന ചടങ്ങായ ചണ്ഡികായാഗം രാവിലെ 11-മണിക്ക് നടക്കും. വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ കണി ദര്‍ശനനത്തിനുശേഷം എഴുത്തിനിരുത്തില്‍(വിദ്യാരംഭം) തുടങ്ങും. എഴുത്തിനിരുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ നാലിന് സരസ്വതി മണ്ഡപത്തിന് സമീപത്തെ യാഗശാലയിലാണ് എഴുത്തിനിരുത്തല്‍. വിപുലമായ ഒരുക്കങ്ങളാണ് ഭക്തര്‍ക്കുവേണ്ടി ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ക്ഷേത്രം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. വിജയദശമി ദിവസം ഇവിടെ കതിരുത്സവം കൂടിയുണ്ട്. വിവിധ ദേശങ്ങളില്‍ നിന്നു കര്‍ഷകര്‍ നെല്‍ക്കതിരുകള്‍ എത്തിക്കും.