നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ ഒന്നരക്കോടി, പോലിസ് പിടിച്ചാല്‍ മൂന്നുകോടി; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

  • Post category:news
  • Reading time:1 min read
You are currently viewing നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ ഒന്നരക്കോടി, പോലിസ് പിടിച്ചാല്‍ മൂന്നുകോടി; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍ ഹൈകോടതിയില്‍. പോലീസ് പിടിച്ചാല്‍ മൂന്നുകോടി നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം ക്വട്ടേഷന്‍ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പള്‍സര്‍ സുനി സഹതടവുകാരന്‍ വിപിന്‍ ലാലിനോട് പറഞ്ഞതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. വിപിന്‍ലാലിന്റെ വിശദമായ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു. ക്വട്ടേഷന്‍ വിജയിച്ചിരുന്നുവെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നിര്‍ണായക വാദഗതികളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. പള്‍സര്‍ സുനിയും സംഘവും ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ എവിടെയെന്ന ചോദ്യത്തിന് അത് കണ്ടെത്താനുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ സാക്ഷിയെ ദിലീപ് ജയിലില്‍ കിടന്നപ്പോഴും സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു. പ്രോസിക്യൂഷന്‍ വാദം നടക്കാനിരിക്കുന്നതിനിടെ ആണ് ശ്രമം ഉണ്ടായെന്ന് പോലീസിന് വിവരം ലഭിച്ചത്. ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയതിനുള്ള സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ തെളിവുകള്‍ മുന്നോട്ടു വച്ച് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇനി പുറത്തിറങ്ങിയാലും കേസിനെ സ്വാധീനിക്കാന്‍ കഴിയില്ല. പ്രായമായ അമ്മയും ഒരു മകളും വീട്ടിലുണ്ട്. ഏത് ഉപാധിയോടെയും പുറത്തിറങ്ങാന്‍ തയ്യാറാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഡി.ജി.പി മഞ്ചേരി ശ്രീധരന്‍ നായരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ഉച്ചയോടെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. പ്രധാനപ്പെട്ട സാക്ഷികളുടെ രഹസ്യ മൊഴിയടക്കം രേഖപ്പെടുത്തി.

0Shares