കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് വീണ്ടും പ്രതിസന്ധി. സുരക്ഷയ്ക്കായി സ്വകാര്യ സുരക്ഷ ഏജന്‍സിയെ സമീപിച്ചതാണ് ദിലീപിന് ഇപ്പോള്‍ വിനയാകുന്നത്. പോലീസിനേയോ അന്വേഷണ സംഘത്തേയോ അറിയിക്കാതെ ആയിരുന്നു ദിലീപ് ഗോവ ആസ്ഥാനമായുള്ള സായുധ സുരക്ഷ ഏജന്‍സിയെ സമീപിച്ചത്. ഈ വിഷയത്തില്‍ ഇപ്പോള്‍ ദിലീപിന് നോട്ടീസ് അയച്ചിരിക്കുകയാണ് പോലീസ്. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഉടന്‍ ഹാജരാക്കണം. ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ലൈസന്‍സും എല്ലാരേഖകളുടെ പകര്‍പ്പുമായി തിങ്കളാഴ്ച ഹാജരാക്കാനാണ് പോലിസ് നിര്‍ദേശം. എന്തിനാണ് ഇപ്പോള്‍ സ്വകാര്യ സുരക്ഷ സേനയുടെ സേവനം തേടിയിരിക്കുന്നത് എന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ കൈവശം ഏതൊക്കെ ആയുധങ്ങളാണ് ഉള്ളത് എന്നും ദിലീപ് ഇതോടെ പോലിസിന് മുന്നില്‍ വിശദീകരിക്കേണ്ടി വരും. ഗോവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയെ ആയിരുന്നു ദിലീപ് സമീപിച്ചത്.
ഇവരുടെ വന്‍ സംഘം കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടിലെത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.സംസ്ഥാന പോലീസിനെ അറിയിക്കാതെ ആയിരുന്നു ദിലീപിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലാണ് ദിലീപ് ഇപ്പോഴുള്ളത്. സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം നേടിയ സംഭവത്തില്‍ ഇപ്പോള്‍ ആലുവ പോലീസ് ദിലീപിന് നോട്ടീസ് അയച്ചിരിക്കുകയാണ്. പല കാര്യങ്ങളും ദിലീപ് ഇനി വിശദീകരിക്കേണ്ടി വരും. ജാമ്യത്തില്‍ ഇറങ്ങിയ പ്രതിക്ക് എന്തിനാണ് ഇത്തരത്തിലുള്ള സുരക്ഷ സംവിധാനം എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സുരക്ഷാ പ്രശ്നങ്ങളുള്ളതായി ദിലീപ് ഇതുവരെ പറഞ്ഞിട്ടില്ല.