
ചിറയന്‍കീഴ്: ചിറയിന്‍കീഴ് പട്ടാപ്പകല്‍ യുവാവിനെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. ആറ്റിങ്ങല്‍ സി.ഐ എം.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലിസ് തിങ്കളാഴ്ച പുലര്‍ച്ചെ പാലോട് നിന്നാണ് മുടപുരം വക്കത്തു വിള വീട്ടില്‍ അനന്തുവിനെ (26) പിടികൂടിയത്. അനന്തു ചിറയിന്‍കീഴ് സ്റ്റേഷനിലെ രണ്ട് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 13 ന് വൈകീട്ട് അഞ്ചുമണിയോടെ മുടപുരം എസ്.എന്‍ ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ അവിടെ വട്ടമിട്ട് കറങ്ങുകയും പല വാഹനങ്ങളേയും ഇടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത മുടപുരം ചരുവിള വീട്ടില്‍ സുധീറിനെ (44) യുവാക്കള്‍ പിടിച്ചിറക്കി റോഡിലിട്ട് മാരകമായി മര്‍ദ്ദിക്കുകയായിരുന്നു.
തലയ്ക്കും നെഞ്ചിനും പരിക്കേറ്റ സുധീര്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സംഭവം നടന്നതിന് അടുത്ത ദിവസം ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പുറത്തു വച്ച് മധ്യസ്ഥതയില്‍ പ്രതികള്‍ പണം നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സി.സി.ടി.വി പതിഞ്ഞ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അക്രമ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കാന്‍ ആറ്റിങ്ങല്‍ സി.ഐയ്ക്ക് റൂറല്‍ എസ്.പി അശോക് കുമാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അനന്തുവിന്റെ കൂട്ടാളിയായ ശ്രീക്കുട്ടനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
https://www.youtube.com/watch?v=IOkq6z1ey2A
