
ന്യൂഡല്‍ഹി: ദലൈലാമ കമ്യൂണിസ്റ്റുകളെ പേടിച്ച് ഇന്ത്യയിലേക്ക് വരേണ്ടിവന്നുവെങ്കില് സനലിന് കത്തോലിക്കാസഭയെ പേടിച്ച് ഇന്ത്യ വിടേണ്ടി വന്നുവെന്ന് ആര്.എസ് .എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. സനല്‍ ഇടമറുകിന്റെ ലേഖനവും പുതിയ ലക്കത്തില്‍ ഒര്ഗൈനൈസറില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത യുക്തിവാദിയായിരുന്ന ജോസഫ് ഇടമറുകിന്റെ മകനാണ് സനല്‍ ഇടമറുക്. മുംബൈയില്‍ കത്തോലിക്കാസഭ യേശുവിന്റെ പ്രതിമയുടെ ദിവ്യശക്തി പ്രചരിപ്പിച്ചപ്പോള്‍ അതിനുപിന്നിലുള്ള വസ്തുത പുറത്തുകൊണ്ടുവന്നതിനാണ് തനിക്ക് നാടുവിടേണ്ടിവന്നതെന്ന് സനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

വേദങ്ങള്ക്കെതിരെ താനും ഭഗവത് ഗീതക്കെതിരെ തന്റെ പിതാവ് ജോസഫ് ഇടമറുകും വിമര്‍ശനപഠനങ്ങള്‍ എഴുതിയിരുന്നുവെന്നും എന്നാല്‍, മുസ്ലിംകളും ക്രിസ്ത്യാനികളും അവരോടുള്ള വിമര്‍ശനങ്ങളില്‍ കോപാകുലരായപ്പോള് വിമര്‍ശനങ്ങളോടുള്ള ഹിന്ദു സംഘടനകളുടെ സഹിഷ്ണുത തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന സനല്‍ കത്തോലിക്കാസഭയുടെ ഭീഷണിയുണ്ടായിട്ടും അവര്‍ തനിക്കൊപ്പം നിന്നില്ലെന്ന് കുറ്റപ്പെടുത്തി. വോട്ടുബാങ്കായി കാണുന്നതിനാല്‍ കത്തോലിക്കാസഭയുടെയും മുസ്ലിം സംഘടനകളുടെയും മതമൗലിക വാദവും തീവ്രവാദവും അസഹിഷ്ണുതയും ഇടതുനേതാക്കള്‍ സ്പര്‍ശിക്കുന്നില്ലെന്നും സനല്‍ വിമര്‍ശിച്ചു. കത്തോലിക്കാ സഭയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് രാജ്യം വിട്ട സനല്‍ ഇടമറുക് ഇപ്പോള്‍ ഫിൻലന്റിലാണ് താമസം. ഇദ്ദേഹത്തിന് സ്വന്തം രാജ്യത്തേക്ക് പ്രവേശിക്കാന്‍ വിലക്ക് നിലനില്‍ക്കുകയാണ്.
