
തിരുവനന്തപുരം: തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള ഭൂമികൈയേറ്റക്കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍(എ.എ.ജി.) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന റവന്യൂ വകുപ്പിന്റെ ആവശ്യത്തില്‍ സി.പി.ഐ. ഇനി കടുംപിടിത്തത്തിനില്ലെന്ന് റിപ്പോര്‍ട്ട്. കേസില്‍ കോടതിയില്‍ സര്‍ക്കാരിനു വേണ്ടി ആരു ഹാജരാകണമെന്നതിനെച്ചൊല്ലി റവന്യൂവകുപ്പും എ.ജി.യും തമ്മിലുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന എ.ജി.യുടെ ഓഫീസ് നല്‍കിയ പശ്ചാത്തലത്തിലാണ് സി.പി.ഐ.യുടെ തന്ത്രപരമായ പിന്മാറ്റം.

സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യം മുന്‍നിര്‍ത്തിയാണ് രഞ്ജിത് തമ്പാനെ കേസ് ഏല്പിക്കണമെന്ന നിലപാട് റവന്യൂ വകുപ്പ് മുന്നോട്ടുെവച്ചത്. മൂന്നാര്‍ അടക്കം റവന്യൂ സംബന്ധമായ ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്ത പരിചയമാണ് ഈ നിര്‍ദേശത്തിനു കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എ.ജി. സി.പി. സുധാകര പ്രസാദിന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ കത്തു നല്‍കിയത്.എന്നാല്‍, കേസുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന നിലപാട് എ.ജി.യുടെ ഓഫീസ് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേസിലെ വിധി വരുന്നതുവരെ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നതാകും ഉചിതമെന്ന ചിന്തയിലാണ് സി.പി.ഐ. കേസ് സംബന്ധിച്ച് റവന്യൂ വകുപ്പ് മുന്നോട്ടുെവച്ച നിര്‍ദേശത്തില്‍ പിശകില്ലെന്ന അഭിപ്രായത്തിലാണ് സി.പി.ഐ. നേതൃത്വം. കേസ് നടത്തിപ്പ് സംബന്ധിച്ച് തങ്ങള്‍ അഭിപ്രായം പറഞ്ഞു. ബാക്കി കാര്യങ്ങള്‍ കേസിന്റെ വിധി വന്നശേഷം വ്യക്തമാക്കാമെന്നതാണ് സി.പി.ഐ.യുടെ നിലപാട്.
കേസില്‍ കോടതിവിധി എന്തുതന്നെയായാലും വലിയ രാഷ്ട്രീയവിവാദമാകുമെന്നും സി.പി.ഐ. കണക്കുകൂട്ടുന്നുണ്ട്.മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള ഭൂമികൈയേറ്റക്കേസിന്റെ ചുമതല എ.എ.ജി.യെ ഏല്പിക്കണമെന്ന് നിര്‍ദേശിച്ച് ഉത്തരവിറക്കാന്‍ ആദ്യം റവന്യൂ വകുപ്പ് ആലോചിച്ചിരുന്നു. ചില പ്രത്യേക കേസുകള്‍ പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്ന് മുമ്പും നിര്‍ദേശിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം.
